മൂന്നാർ: വരയാടുകളുടെ പ്രജനനകാലത്തോടനുബന്ധിച്ച് അടച്ച ഇരവികുളം ദേശീയോദ്യാനം സഞ്ചാരികൾക്കായി വീണ്ടും തുറന്ന് നൽകി. ആദ്യദിനം വിദ്യാർത്ഥികളടക്കം 1046 പേരാണ് സന്ദർശകരായി എത്തിയത്. ഓൺലൈൻ ബുക്കിങ് വഴി മാത്രമാണ് നിലവിൽ പാർക്കിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ഇതിനാവശ്യമായ സൗകര്യങ്ങളും പാർക്കിലും മൂന്നാർ ടൗണിന്റെ വിവിധ ഭാഗങ്ങളിലും ഒരുക്കിയിട്ടുണ്ട്. പാർക്കിൽ പുതിയതായി ഏർപ്പെടുത്തിയ ബഗ്ഗി കാറിനും വലിയ ബുക്കിങ് ലഭിച്ചതായി അസി. വൈൽഡ് ലൈഫ് വാർഡൻ ജോബ് ജെ. നേര്യംപറമ്പിൽ പറഞ്ഞു. പാർക്കിലേക്കുള്ള എൻട്രി ഫീ 200 രൂപയാണ്. ബഗ്ഗി കാറിൽ മൂന്ന് കിലോ മീറ്രർ യാത്ര ചെയ്യാൻ 500 രൂപയാണ് ഈടാക്കുന്നത്. അഞ്ച് പേർക്ക് ഇതിൽ യാത്ര ചെയ്യാം. പ്രവേശന കവാടത്തിൽ നിന്ന് രാജമലയിലെ ടൂറിസം സോണിലേക്ക് ബസിലാണ് സഞ്ചാരികളെ എത്തിക്കുന്നത്. ഇവിടെ നിന്ന് ബഗ്ഗി കാർ സൗകര്യമുള്ളത്. വിശദ വിവരങ്ങൾക്ക്: www.munnarwildlife.com.