parisodhana

കട്ടപ്പന: ഇടുക്കി ജലാശയത്തിന്റെ ഭാഗമായ അയ്യപ്പൻകോവിൽ തൂക്കുപാലത്തിന് സമീപത്ത് നിന്ന് മനുഷ്യന്റെ തലയോട്ടി കണ്ടെത്തിയ സംഭവത്തിൽ മുങ്ങൽ വിദഗ്ദ്ധരെ സ്ഥലത്തെത്തിച്ച് പരിശോധന നടത്തി. തലയോട്ടി കിടന്നിരുന്ന ഭാഗത്ത് മറ്റ് അവശിഷ്ടങ്ങൾ ഉണ്ടോയെന്നാണ് പരിശോധിച്ചത്.പൊലീസിന്റെ നിർദ്ദേശപ്രകാരം കട്ടപ്പന അഗ്‌നിശമന സേനയിലെ ഉദ്യോഗസ്ഥരാണ് രണ്ട് മണിക്കൂറോളം ജലാശയത്തിൽ തിരച്ചിൽ നടത്തിയത്. എന്നാൽ മൃതദേഹാവശിഷ്ടങ്ങൾ ഒന്നും കണ്ടെത്താനായില്ല.

കഴിഞ്ഞ 29 ന് രാവിലെ 8 ന് തൂക്കുപാലത്തിന് സമീപത്ത് മീൻ പിടിക്കാനെത്തിയവരുടെ വലയിലാണ് പഴക്കം തോന്നിക്കുന്ന തലയോട്ടി കുടുങ്ങിയത്. തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.കേസ് രജിസ്റ്റർ ചെയ്തതിന് ശേഷം തലയോട്ടി ഫോറൻസിക് പരിശോധനകൾക്കായി കോട്ടയത്തിന് അയച്ചെങ്കിലും പരിശോധനാ ഫലം എത്താൻ വൈകുമെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്. മഹാപ്രളയത്തിലും കഴിഞ്ഞ കാലവർഷത്തിലും പെരിയാറിന്റെ കരയിലുള്ള ശ്മശാനങ്ങളിൽ വ്യാപകമായി വെള്ളം കയറിയിരുന്നു.

ഇവിടെ ഒഴുകിയെത്തി തീരത്ത് അടിഞ്ഞതാകാം കണ്ടു കിട്ടിയ തലയോട്ടി എന്നാണ് പ്രാഥമിക നിഗമനം. അതേ സമയം സമീപത്തെ പൊലീസ് സ്റ്റേഷൻ പരിധികളിൽ നിന്നും കാണാതായ ആളുകളുടെ വിവരം ശേഖരിച്ചും അന്വേഷണം നടത്തും.തലയോട്ടി ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കി പഴക്കവും മറ്റ് അടയാളങ്ങളും വ്യക്തമായ ശേഷമാകും നടപടികളിലേയ്ക്ക് കടക്കുക.