തൊടുപുഴ: സമ്പൂർണ്ണ ശുദ്ധജല വിതരണ പദ്ധതിയുടെ പൂർത്തീകരണത്തിന് തൊടുപുഴ നഗരസഭയ്ക്ക് 82.9 കോടി രൂപ അനുവദിക്കാൻ മന്ത്രി സഭായോഗത്തിൽ തീരുമാനം. 2020ൽ കിഫ്ബിയിൽ ഉൾപ്പെടുത്തി 34 കോടി വിനിയോഗിച്ച് നഗരസഭ പ്രദേശത്ത് ശുദ്ധജല വിതരണത്തിന്റെ ഒന്നാം ഘട്ടം പൂർത്തിയാക്കിയിരുന്നു. ഇതിന്റെ തുടർ പ്രവർത്തികൾക്കാണ് 82.9 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചത്. കിണർ, ജലശുദ്ധീകരണശാല, മോട്ടോർ, ട്രാൻസ്‌ഫോർമറുകൾ, 60 എം.എം മുതൽ 100 എം.എം വരെ വ്യാസമുള്ള വലിയ പമ്പ് എന്നിങ്ങനെയുള്ള പ്രവർത്തികളായിരുന്നു ഒന്നാം ഘട്ടത്തിൽ പൂർത്തീകരിച്ചത്. രണ്ടാം ഘട്ടത്തിൽ നഗരസഭയിലെ 35 വാർഡുകളിലും കുടിവെള്ള വിതരണ പൈപ്പുകൾ സ്ഥാപിക്കുക, എല്ലാ വീടുകളിലും കുടിവെള്ള കണക്ഷൻ നൽകുക, അഞ്ച് സോണുകളായി തിരിച്ച് എല്ലാ ദിവസവും മുഴുവൻ സമയവും കുടിവെള്ളം എത്തിക്കുക തുടങ്ങിയ പ്രവർത്തികളാണ് ലക്ഷ്യമിടുന്നത്. ഇതിനായി നിലവിൽ ജലവിതരണം നടത്തുന്ന പൈപ്പ് ലൈനിന് പുറമെ 2,11,296 മീറ്റർ ദൂരത്തിൽ പുതിയ ലൈൻ സ്ഥാപിക്കും. 3995 പുതിയ വാട്ടർ കണക്ഷൻ നൽകും. പൈപ്പ് ലൈൻ സ്ഥാപിക്കുമ്പോൾ തകരാറിലാകുന്ന റോഡുകൾ നവീകരിക്കാനും തുക വകയിരുത്തിയിട്ടുണ്ട്. 2050 ആകുമ്പോഴേക്കും ഈ പദ്ധതിയിലൂടെ 84,118 ആളുകൾക്ക് പ്രതിദിനം 150 ലിറ്റർ ശുദ്ധജലം ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.

ഇവിടങ്ങളിൽ കുടിവെള്ളമെത്തും

സോൺ ഒന്ന് കാഞ്ഞിരമറ്റം, കാരിക്കോട്, വെങ്ങല്ലൂർ, മുതലക്കോടം

സോൺ രണ്ട് ഒളമറ്റം, തൊടുപുഴ ടൗൺ, കോലാനി

സോൺ മൂന്ന് പട്ടയംകവല, പഴുക്കാകുളം, ഞറുക്കുറ്റി, കാരുപ്പാറ

സോൺ നാല് കൊന്നയ്ക്കാമല, പാറക്കടവ്

സോൺ അഞ്ച് ഉറവപ്പാറ

അഭിനന്ദിച്ചു

നഗരസഭാ പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് രണ്ടാം ഘട്ട ഫണ്ട് അനുവദിക്കാൻ പ്രത്യേക താത്പര്യമെടുത്ത മുഖ്യമന്ത്രി പിണറായി വിജയനെയും ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനെയും കേരള കോൺഗ്രസ് (എം) തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി അഭിനന്ദിച്ചു. പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രൊഫ. കെ.ഐ. ആന്റണി, അഗസ്റ്റിൻ വട്ടക്കുന്നേൽ, റെജി കുന്നംകോട്ട്, ജയകൃഷ്ണൻ പുതിയേടത്ത്, ആമ്പൽ ജോർജ്, അപ്പച്ചൻ ഓലിക്കരോട്ട്, അഡ്വ. ബിനു തോട്ടുങ്കൽ, മാത്യു വാരികാട്ട്, ബെന്നി പ്ലാക്കൂട്ടം, ജോസ് കവിയിൽ, പ്രൊഫ. ജെസി ആന്റണി, ഷീൻ വർഗീസ്, ജോയി പാറത്തല എന്നിവർ സംസാരിച്ചു.