deen
ഭവന നിർമ്മാണം പൂർത്തീകരിച്ചവർക്ക് താക്കോൽദാനം ഡീൻ കുര്യാക്കോസ് എം.പി നിർവഹിക്കുന്നു

ആലക്കോട്: ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി പ്രധാനമന്ത്രി ആവാസ് യോജന ഗുണഭോക്തൃ സംഗമം നടത്തി. ഡീൻ കുര്യാക്കോസ് എം.പി സംഗമം ഉദ്ഘാടനം ചെയ്തു. ഭവന നിർമ്മാണം പൂർത്തീകരിച്ചവർക്ക് താക്കോൽദാനവും നിർവഹിച്ചു. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു കെ. ജോൺ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഡാനി മോൾ വർഗീസ് സ്വാഗതം ആശംസിച്ചു. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് മുഖേന 2021- 22 സാമ്പത്തിക വർഷം പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിൽ ഭവന നിർമ്മാണത്തിന് ധനസഹായം അനുവദിച്ചിട്ടുള്ള 92 ഗുണഭോക്താക്കളുടെയും ഭൂമിയും വീടും അനുവദിച്ച 12 ഭൂരഹിത ഗുണഭോക്താക്കളുടെയും സംഗമമാണ് നടന്നത്. ക്ലാസുകൾ ആർക്കിടെക്ടD രതീഷ് ദിവാകരൻ, ജി.ഇ.ഒ ജയരാജ്, ജോയിന്റ് ബി.ഡി.ഒമാരായ കെ. ജെയ്‌മോൻ, എം.യു. സലീന, കെ.എസ്.ഇ.ബി എ.ഇ. ആനന്ദൻ എന്നിവർ നയിച്ചു. ഭവന നിർമ്മാണ സാധനസാമഗ്രികളുടെ ഏജൻസികളുടെയും സഹായ സ്ഥാപനങ്ങളുടെയും സ്റ്റാളുകളും ക്രമീകരിച്ചിരുന്നു. ചടങ്ങിൽ സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ടോമി കാവാലം, ആൻസി സോജൻ, സിബി ദാമോദരൻ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.എസ്. ജോൺ, ജിനോ കുരുവിള, കെ.കെ. രവി, ടെസിമോൾ മാത്യു, ഷൈനി സന്തോഷ് നൈസി ഡെനിൽ, ജിജി സുരേന്ദ്രൻ, മിനി ആന്റണി എന്നിവർ സംസാരിച്ചു. 2021-22 വാർഷിക പദ്ധതിയിൽ ജില്ലാതലത്തിലും സംസ്ഥാനതലത്തിലും 100% ചെലവ് കൈവരിച്ച ഇളംദേശം ബ്ലോക്ക് പഞ്ചായത്തിനെ എം.പി പ്രശംസിച്ചു. വാർഷിക പദ്ധതിയുടെ നിർവഹണത്തിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച എ.എക്‌സ്.ഇ ദീപ, എ.ഇ ശ്രീദേവി എന്നിവരടങ്ങുന്ന എൻജിനിയറിങ് വിഭാഗത്തെയും സെക്രട്ടറി ഭാഗ്യരാജ് കെ.ആർ, പ്ലാൻ ക്ലർക്ക് എൽദോ ജോസഫ് എന്നിവരെയും ആദരിച്ചു.