തൊടുപുഴ: ജില്ലയിലെ കർഷകർ നേരിടുന്ന പ്രശ്‌നങ്ങൾക്ക് അടിയന്തിര പരിഹാരം ഉണ്ടാകണമെന്ന് കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് ആവശ്യപ്പെട്ടു. പാർട്ടി ജില്ലാ നേതൃയോഗം തൊടുപുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 1964 ലെയും 1993 ലെയും ഭൂപതിവ് ചട്ടങ്ങളിൽ അടിയന്തരമായ മാറ്റം വരുത്തണം. സാമ്പത്തിക ബാധ്യതയിൽ നട്ടം തിരിയുന്ന ജനങ്ങൾക്കെതിരെ ധനാകാര്യ സ്ഥാപനങ്ങൾ മുമ്പെങ്ങുമില്ലാത്ത വിധം ജപ്തി നടപടികളുമായി രംഗത്തുണ്ട്. ഇടുക്കി പാക്കേജിൽ നിന്ന് കർഷകരുടെ പലിശ എഴുതി തള്ളുന്നതിന് 2000 കോടി രൂപ അനുവദിക്കണം. വന്യമൃഗങ്ങളുടെ ആക്രമണം മൂലം ജീവൻ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് അടിയന്തരമായി സാമ്പത്തിക സഹായം നൽകണം. വന്യമൃഗങ്ങളിൽ നിന്നും ജനങ്ങൾക്കും കൃഷിയിടങ്ങൾക്കും സംരക്ഷണം നൽകുന്നതിനുള്ള പദ്ധതികൾ ഇടുക്കി പാക്കേജിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. നേതൃയോഗത്തിൽ ജില്ലാ പ്രസിഡന്റ് എം.ജെ. ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. ജില്ലയിലെ കൃഷിക്കാരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 11ന് രാവിലെ 11ന് ചെറുതോണിയിൽ പ്രതിഷേധ ധർണ നടത്തുമെന്ന് യോഗം തീരുമാനിച്ചു. ജില്ലാ നേതൃയോഗത്തിൽ മുൻ എം.പി ഫ്രാൻസിസ് ജോർജ്, മുൻ എം.എൽ.എ മാത്യു സ്റ്റീഫൻ, ഷീലാ സ്റ്റീഫൻ, അഡ്വ. ജോസി ജേക്കബ്, എം. മോനിച്ചൻ, വർഗീസ് വെട്ടിയാങ്കൽ, റോയി ഉമ്മൻ, വി.എ. ഉലഹന്നാൻ, ഫിലിപ്പ് മലയാറ്റ്, എം.ജെ.കുര്യൻ, അഡ്വ. ഷൈൻ വടക്കേക്കര, ജോയി കൊച്ചുകരോട്ട്, ജോജി ഇടപ്പള്ളിക്കുന്നേൽ, അഡ്വ. എബി തോമസ്, ഷൈനി റെജി, ട്രീസാ കാവാലം, സിബി കൊച്ചുവള്ളാത്ത്, ബെന്നി പുതുപ്പടി, വർഗീസ് സക്കറിയ, എ.എസ്. ജയൻ, ജോസ് മാത്യു, സുരേഷ് ജോസഫ് എന്നിവർ പ്രസംഗിച്ചു.