kpn
കെ.എസ്.ആർ.ടി.സി കട്ടപ്പന സബ് ഡിപ്പോ

കട്ടപ്പന: ജീവനക്കാർ കുറഞ്ഞതോടെ കെ.എസ്.ആർ.ടി.സി കട്ടപ്പന സബ് ഡിപ്പോയുടെ പ്രവർത്തനം കട്ടപ്പുറത്തായി. ഏറ്റവും ജനപ്രീതിനേടിയ ബാംഗ്ലൂർ സൂപ്പർ എക്‌സ്പ്രസ് സർവ്വീസ് അടക്കം എട്ട് ദീർഘ ദൂര സർവ്വീസുകളാണ് ഇതേ കാരണത്താൽ നിറുത്തിയത്. സുൽത്താൻ ബത്തേരി, ഷോളയൂർ, ആനക്കട്ടി, ഗുരുവായൂർ, രണ്ട് തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചർ സർവ്വീസുകളാണ് മുടങ്ങിയ മറ്റുള്ളവ. അന്തർസംസ്ഥാന സർവ്വീസായ കമ്പം ഉൾപ്പെടെ ചില ഹ്രസ്വദൂര ബസുകളും സർവീസ് നിറുത്തി വിശ്രമത്തിലാണ്. ലോക്ക് ഡൗണിനെ തുടർന്നാണ് ബാംഗ്ലൂർ സർവീസ് നിറുത്തിവച്ചത്. പിന്നീട് പുനഃരാരംഭിക്കാൻ ശ്രമം നടത്തിയെങ്കിലും ഡ്രൈവർമാരില്ലാത്തതിനാൽ വേണ്ടന്ന് വയ്ക്കുകയായിരുന്നു. 46,​500 രൂപ വരെ വരുമാനം നേടി ഓടിക്കൊണ്ടിരുന്ന സമയത്താണ് യാത്രക്കാരുടെ ജനപ്രിയ സർവീസ് നിറുത്തേണ്ടി വന്നത്. ട്രിച്ചി, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് കമ്പത്തെത്തുന്ന മലയാളി വിദ്യാർത്ഥികൾക്ക് ആശ്രയമായിരുന്ന കട്ടപ്പന- കമ്പം അന്തർ സംസ്ഥാന രാത്രികാല സർവീസ് നിർത്തിയതും ഡിപ്പോയുടെ നഷ്ടം വർദ്ധിപ്പിച്ചു. നിലവിൽ ഇതേ റൂട്ടിൽ പകൽ മറ്റൊരു സർവീസ് നടത്തുന്നുണ്ട്. നിലവിൽ തിരുവനന്തപുരം മിന്നൽ, ആനക്കാംപൊയിൽ ഫാസ്റ്റ് പാസഞ്ചർ സർവീസുകൾ മാത്രമാണ് തടസമില്ലാതെ ഓടുന്നത്. കട്ടപ്പന ഡിപ്പോയിൽ നിന്ന് ദിവസേന 40 ബസുകളാണ് ഓപ്പറേറ്റ് ചെയ്തിരുന്നത്. എം പാനൽ ജീവനക്കാരെ പിരിച്ചുവിട്ടതോടെ ദിവസേന സർവീസ് 28 ആയി ചുരുങ്ങി. പിന്നീട് പി.എസ്.സി വഴി നിയമനം നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതുണ്ടായില്ല. കൊവിഡ്‌ ലോക്ക്‌ഡൗണിന് മുമ്പ് വരെ 6.5 ലക്ഷം രൂപയോളമാണ് ദിവസവും വരുമാനമായി ലഭിച്ചിരുന്നത്. ഇപ്പോൾ 3.5 ലക്ഷം മുതൽ നാല് ലക്ഷം രൂപ മാത്രമാണ് വരുമാനം.


ജീവനക്കാരിൽ കൂടുതലും മറ്റുള്ള ജില്ലക്കാർ

118 ഡ്രൈവർമാരും 92 കണ്ടക്ടർമാരുമാണ് കട്ടപ്പന ഡിപ്പോയിൽ ആവശ്യമുള്ളത്. ഇതിനിടെ പിരിച്ചുവിട്ട 35 എം പാനൽ ജീവനക്കാരുടെ ഒഴിവിലേയ്ക്ക് പുതിയ നിയമനവും നടത്തിയിട്ടില്ല. ഒഴിവ് നിരന്തരം റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും തുടർ നടപടികൾ ഉണ്ടായിട്ടില്ല. ഭൂരിഭാഗം കണ്ടക്ടർമാരും ഡ്രൈവർമാരും കൊല്ലം, ചാത്തന്നൂർ, കരുനാഗപ്പള്ളി തുടങ്ങിയ ദൂരസ്ഥലങ്ങളിൽ നിന്നുള്ളവരായതിനാൽ സമയക്രമീകരണം നടത്തി ഇവരെ ഉപയോഗിച്ച് മുടങ്ങി കിടക്കുന്ന ദീർഘദൂര സർവീസുകൾ പുനരാരംഭിക്കാനും ഡിപ്പോയ്ക്ക് സാധിക്കുന്നില്ല.