ഇടുക്കി : രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ജില്ലാ തല പ്രദർശന വിപണനമേള വിപുലമായി സംഘടിപ്പിക്കാൻ മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ സംഘടക സമിതിയുടെ ആലോചനയോഗംതീരുമാനിച്ചു. മേയ് 9 മുതൽ 15 വരെ വാഴത്തോപ്പ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ മൈതാനത്താണ് പ്രദർശന വിപണനമേള നടത്തുന്നത്.
സാംസ്‌കാരിക പരിപാടികളിൽ പ്രാദേശിക കലാകാരന്മാരെയും ട്രൂപ്പുകളെയും ഉൾപ്പെടുത്തി വിപുലമായി നടത്താനാണ് തീരുമാനം. തേക്കടി പുഷ്പമേളയുടെ സംഘാടകരെ പുഷ്പമേള ഏൽപ്പിക്കുന്നതിനെ കുറിച്ചുള്ള ആലോചനകൾ നടക്കുന്നതായി മന്ത്രി പറഞ്ഞു. 150 സ്റ്റാളുകളാണ് മേളയുടെ ഭാഗമായി ഒരുക്കുന്നത്. കാർഷിക പ്രദർശന മേള, കന്നുകാലി പ്രദർശനം, പുഷ്പ മേള, ആകാശ ഊഞ്ഞാൽ, മരണക്കിണർ തുടങ്ങിയ വിനോദങ്ങൾ, ടൂറിസം വകുപ്പിന്റെയും വനം വകുപ്പിന്റെയും നേതൃത്വത്തിൽ കാൽവരിമൗണ്ട്, പാൽക്കുളംമേട്, മൈക്രോവേവ് ചാരനള്ള് വ്യൂപോയിന്റുകളിലേക്ക് ട്രക്കിംഗ്, ഇടുക്കിചെറുതോണി ഡാമുകളിൽ സന്ദർശനം, വിവിധ വകുപ്പുകളുടെ പ്രദർശന, വിപണന സ്റ്റാളുകൾ, കുടുംബശ്രീയുടെ ഭക്ഷണശാലകൾ, സ്വയംതൊഴിൽ പരിശീലന മേളകൾ, വിവിധ വിഷയത്തിൽ സെമിനാറുകൾ, ഗാനമേള, നാടകം, മാജിക് ഷോ തുടങ്ങി വിവിധ കലാ പരിപാടികൾ, ട്രൈബൽ ഫെസ്റ്റിവൽ, ജില്ലാ കായിക സംഗമം, മാരത്തോൺ, സൈക്കിൾ റാലി തുടങ്ങി വർണാഭമായ പരിപാടികൾ സംഘടിപ്പിക്കാനാണ് സംഘാടക സമിതിയുടെ തീരുമാനം. ആലോചന യോഗത്തിൽ ജില്ലാ കളക്ടർ ഷീബ ജോർജ്, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് മേഖല ഡെപ്യൂട്ടി ഡയറക്ടർ കെ .ആർ .പ്രമോദ്കുമാർ , ജില്ലാ ഇൻഫർമേഷൻ ഓഫീസർ സതീഷ്‌കുമാർ , തുടങ്ങി വിവിധ സംഘാടക സമിതി അംഗങ്ങൾ പങ്കെടുത്തു.