വില കുറച്ചില്ലെങ്കിൽ ഭക്ഷണവില കൂടും
തൊടുപുഴ: വാണിജ്യ പാചകവാതകത്തിന്റെ അടിക്കടിയുള്ള വിലവർദ്ധനവിൽ നട്ടംതിരിഞ്ഞ് ഹോട്ടലുടമകൾ. ഇന്നലെ മാത്രം 256 രൂപയും കഴിഞ്ഞ അഞ്ചുമാസമായി 530രൂപയുമാണ് ഒരു സിലിണ്ടറിന് വർദ്ധിപ്പിച്ചത്. ശരാശരി അഞ്ച് സിലിണ്ടർ ഉപയോഗിക്കുന്ന ഒരുചെറുകിട സ്ഥാപനത്തിന് പാചകവാതക ഇനത്തിൽ മാത്രം ദിവസം 2700 രൂപയോളം അധികചിലവ് വരുന്നുണ്ട്. കൂടാതെ പച്ചക്കറി, പലവ്യഞ്ജനം തുടങ്ങിയ എല്ലാസാധനങ്ങൾക്കും വലിയതോതിൽ വിലവർദ്ധന ഉണ്ടായിട്ടുണ്ട്. ഉത്പന്നങ്ങൾക്ക് വിലവർദ്ധിപ്പിക്കാതിരിക്കാൻ തൊഴിലാളികളെ ചുരുക്കിയും മറ്റുമാണ് സ്ഥാപനങ്ങൾ അതിജീവനം നടത്തുന്നത്. കൊവിഡ് മഹാമാരിമൂലം ഊർദ്ധശ്വാസം വലിക്കുന്ന ഭക്ഷണ ഉത്പാദന വിതരണ മേഖലയ്ക്ക് സർക്കാരുകളുടെ ഭാഗത്ത് നിന്ന് കൈത്താങ്ങ് ഉണ്ടായില്ലെങ്കിൽ ഭക്ഷണസാധനങ്ങൾ്കക് വിലവർദ്ധിപ്പിക്കേണ്ടി വരുമെന്ന് ഭാരവാഹികൾ പറയുന്നു. ഹോട്ടലുടമകളുടെ നെട്ടെല്ല് ഒടിക്കുന്ന ഇന്ധനവിലക്കയറ്റത്തിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ തൊടുപുഴ ഇൻകംടാക്‌സ് ഓഫീസിനു മുമ്പിൽ ധർണയും പ്രതിഷേധ പ്രകടനവും നടത്തി. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എം.എൻ. ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ ഭാരവാഹികളായ പി.കെ.മോഹനൻ ജയൻജോസഫ് പ്രവീൺ വി. വിൽബർട്ട് ജേക്കബ്ബ് പ്രതീഷ്‌കുര്യാസ് കണ്ണൻ പി.ആർ. പ്രതീപ് കെ. ബി നൗഷാദ് ടി.കെ. സജി പി.ആർ.ബേബിജോസഫ് എം.ആർ.ഗോപൻ തുടങ്ങിയവർപ്രസംഗിച്ചു.