നെടുങ്കണ്ടം: ബ്ലോക്ക് പഞ്ചായത്തുകളുടെ പദ്ധതി നിർവ്വഹണത്തിൽ നെടുങ്കണ്ടം ഒന്നാം സ്ഥാനത്ത്. ഈ സാമ്പത്തിക വർഷത്തിൽ സംസ്ഥാനത്ത് 152 ബ്ലോക്ക് പഞ്ചായത്തുകളിൽ ഒന്നാം സ്ഥാനത്ത് എത്താൻ കഴിഞ്ഞത് ചരിത്ര നേട്ടമാണെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. കുഞ്ഞ് പറഞ്ഞു. 113.8 ശതമാനം ഫണ്ടാണ് ബ്ലോക്ക് പഞ്ചായത്ത് ചിലവഴിച്ചത്. ഉത്പാദന മേഖലയിലും സേവന മേഖലയിലും പശ്ചാത്തല മേഖലയിലും നിർബന്ധിത പ്രോജക്ട് അടക്കം നല്ല രീതിയിൽ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനും തുക ചെലവഴിക്കാനും നെടുങ്കണ്ടം ബ്ലോക്കിന് സാധിച്ചിട്ടുണ്ട്. വിവിധ മേഖലകളിൽ പട്ടികജാതി, പട്ടികവർഗം, പൊതു വികസന ഫണ്ടുകൾ പൂർണമായി വിനിയോഗിച്ചു. കേന്ദ്ര ധനകാര്യ കമ്മിഷൻ ഗ്രാന്റ് വിനിയോഗിക്കുന്നതിലും നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. വിവിധ മേഖലകളിലായി 116 പദ്ധതികളാണ് പഞ്ചായത്ത് ബ്ലോക്ക് പൂർത്തീകരിച്ചത്. പട്ടികജാതി, പട്ടികവർഗം, ജനറൽ വിഭാഗങ്ങളിൽ 5.27 കോടി രൂപ ലഭിച്ചു. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് നിർവ്വഹണത്തിൽ ഒന്നാം സ്ഥാനം ലഭിക്കുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി കുഞ്ഞ്, വൈസ് പ്രസിഡന്റ് റാണി തോമസ്, സ്റ്റാൻഡിംഗ് കമ്മറ്റി വർഗക്കാരായ പി.എ ജോണി, കെ.ടി.എസ്, സെക്രട്ടറി എം.കെ ദിലീപ് എന്നിവർ പറഞ്ഞു.