കുടയത്തൂർ: കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ നിന്ന് വിജയിച്ച് എൽ.ഡി.എഫിലേക്ക് കൂറുമാറിയ കുടയത്തൂർ പഞ്ചായത്ത്‌ പ്രസിഡന്റ് ഉഷ വിജയനെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസം പരാജയപ്പെട്ടു. 13 അംഗ പഞ്ചായത്ത് ഭരണ സമിതിയിൽ കോൺഗ്രസ്- 4, മുസ്ലീം ലീഗ്- 1, സി.പി.എം- 4, സി.പി.ഐ- 1, ബി.ജെ.പി- 2,​ ഉഷ വിജയൻ- 1 എന്നിങ്ങനെയാണ് ഇവിടെ നിലവിലുള്ള കക്ഷി നില. ഇന്നലെ നടന്ന അവിശ്വാസ ചർച്ചയിൽ കോൺഗ്രസിലെ- 4, മുസ്ലീം ലീഗിലെ- 1, ബി.ജെ.പിയിലെ- 2 എന്നിങ്ങനെ അംഗങ്ങൾ പങ്കെടുത്തു. പകുതിയിൽ കൂടുതൽ അംഗങ്ങൾ ചർച്ചയിൽ ഹാജരായതോടെ അവിശ്വാസത്തിനുള്ള ക്വാറം തികഞ്ഞു. എന്നാൽ ബി.ജെ.പിയിലെ രണ്ട് അംഗങ്ങൾ വോട്ടെടുപ്പിൽ പങ്കെടുക്കാതെ വിട്ടു നിന്നു. ഇതോടെ പ്രസിഡന്റിന് എതിരെയുള്ള അവിശ്വാസം പരാജയപ്പെടുകയായിരുന്നു. എൽ.ഡി.എഫിലെ അഞ്ച് അംഗങ്ങളും പ്രസിഡൻ്റ് ഉഷ വിജയനും ചർച്ചയിലും വോട്ടെടുപ്പിലും പങ്കെടുത്തില്ല. യു.ഡി.എഫിൽ നിന്ന് കഴിഞ്ഞ ജനുവരി 31നാണ് ഉഷ വിജയൻ എൽ.ഡി.എഫിലേക്ക് മാറിയത്. വോട്ടെടുപ്പ് ഇന്നലെ രാവിലെ 11ന് ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് നടന്നത്. അവിശ്വാസം പരാജയപ്പെട്ടതോടെ ഉഷ വിജയൻ പഞ്ചായത്ത്‌ പ്രസിഡന്റായി തുടരും.