തൊടുപുഴ: രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷം കാഡ്‌സ് ഗ്രീൻഫെസ്റ്റ് 21 മുതൽ മേയ് ഒന്നുവരെ വില്ലേജ് സ്‌ക്വയറിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വിത്ത് മഹോത്സവം, സ്‌പൈസസ് ഫെസ്റ്റ്, ഫുഡ് ഫെസ്റ്റ്, പുഷ്പപ്രദർശനം, ചക്കയുത്സവം, മാമ്പഴമേള, സെമിനാറുകൾ, മൽസരങ്ങൾ, കലാപരിപാടികൾ എന്നിവ ഫെസ്റ്റിനെ ആകർഷകമാക്കും. നഗരസഭയുടെയും വിവിധ കേന്ദ്രസംസ്ഥാന സർക്കാർ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്. മികച്ച ജൈവകർഷകന് ജൈവശ്രീ അവാർഡ് നൽകും. 10,000 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് അവാർഡ്. മികച്ചകർഷകർ ഉത്പാദിപ്പിച്ച മേൽത്തരം വിത്തുകൾക്കും തൈകൾക്കും പുറമെ സംസ്ഥാനത്തെ എല്ലാ ഗവേഷണ കേന്ദ്രങ്ങളിലെ മികച്ച വിത്തുകളും തൈകളും മറ്റ് ഉത്പാദനോപാധികളും വിതരണത്തിന് എത്തിക്കും. കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. ആദിവാസി വിഭാഗത്തിന്റെ തനത് ഉത്പന്നങ്ങളുടെ വിപുലമായ പ്രദർശനവും വിപണനവും നടക്കും. നാടൻ ഭക്ഷ്യമേള, നൂറോളം വാണിജ്യ സ്റ്റാളുകൾ, ദിവസവും കലാപരിപാടികൾ, പി.ആർ.ഡിയുടെ സഹകരണത്തോടെ ജില്ലയുടെ 50 വർഷങ്ങളുടെ ഫോട്ടോ പ്രദർശനം, പുരാതനവസ്തുക്കളുടെയും വാഹനങ്ങളുടെയും പ്രദർശനം എന്നിവയും ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കും. ഉദ്ഘാടന സമാപന പരിപാടികളിൽ കേന്ദ്രസംസ്ഥാന മന്ത്രിമാർ,മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ സ്വഗതസംഘം ചെയർമാനും നഗരസഭ ചെയർമാനുമായ സനീഷ് ജോർജ്, ജനറൽ കൺവീനർ ആന്റണി കണ്ടിരിക്കൽ, സെക്രട്ടറി കെ.വി. ജോസ്, ഡയറക്ടർമാരായ ജേക്കബ് മാത്യു, എം.ഡി. ഗോപിനാഥൻ നായർ, വി.പി. സുകുമാരൻ എന്നിവർ പങ്കെടുത്തു.