വണ്ണപ്പുറം: നിരവധിയാളുകൾ കുടിവെള്ളം ശേഖരിച്ചിരുന്ന കിണറ്റിൽ കശാപ്പ് ശാലയിൽ നിന്നുള്ള മാംസാവശിഷ്ടം തള്ളിയ അയൽവാസിക്കെതിരെ പൊലീസ് കേസെടുത്തു. മുള്ളൻകുത്തി മറ്റത്തിൽ സെബാസ്റ്റ്യനെ (48) നെകാളിയാർ പൊലീസ് അറസ്റ്റ് ചെയ്തു. കാളിയാർ തൊടുപുഴ റോഡിലെ മുള്ളൻകുത്തിയിലാണ് സംഭവം. ആശാരിപറമ്പിൽ ഉമ്മർ എന്നായാളുടെ കിണറ്റിലാണ് അവശിഷ്ടം തള്ളിയത്. രണ്ട് ദിവസമായി വെള്ളത്തിന് രുചി വ്യത്യാസവും ദുർഗന്ധവും അനുഭവപ്പെട്ടിരുന്നു. ഇതേ തുടർന്ന് ഉമ്മറും ഇയ്യാളുടെ ഉടമസ്ഥതയിലുള്ള മറ്റൊരു വീട്ടിൽ വാടകക്ക് താമസിക്കുന്ന പ്രദീപും കൂടി കിണർ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. തുടർന്ന് കിണർ വറ്റിച്ചപ്പോഴാണ് പ്ലാസ്റ്റിക് കവറിലാക്കിയ മാംസാവശിഷ്ടം കണ്ടെത്തിയത്. ഇതോടെ ഉമ്മറും പ്രദീപും കാളിയാർ പൊലീസിൽ പരാതി നൽകി. ഏതാനും നാൾ മുമ്പ് ഉമ്മറിന്റെ തോട്ടത്തിൽ നിന്ന് ഒട്ടുപാൽ ഉൾപ്പെടെയുള്ളവ മോഷണം പോയ സംഭവത്തിൽ സെബാസ്റ്റ്യനെതിരെ പരാതി നൽകിയിരുന്നു. ഇതിന്റെ പ്രതികാരമായി ഉമ്മറിന്റെ കിണറ്റിൽ മാംസാവശിഷ്ടം തള്ളുയായിരുന്നു എന്നാണ് അറസ്റ്റിലായ സെബാസ്റ്റ്യൻ പൊലീസിനോട് പറഞ്ഞത്.