vahanam
കരിമണൽ വനമേഖലയിൽ കഴിഞ്ഞ ദിവസം മാലിന്യം തള്ളിയതിന് വനപാലകർ കസ്റ്റഡിയിലെടുത്ത വാഹനം

ചെറുതോണി: 'മലമേലെ തിരിവെച്ച് പെരിയാറിൻ തളയിട്ട് ചിരിതൂകും പെണ്ണല്ലേ ഇടുക്കി...' സിനിമാ ഗാനത്തിലെ പോലെ ചിരിതൂകും പെണ്ണല്ല ഇടുക്കി ഇപ്പോൾ. ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഇടുക്കി എന്ന മിടുക്കിയെ കാണാൻ എത്തുന്ന സഞ്ചാരികൾക്ക് മൂക്ക് പൊത്തി മാത്രമേ ജില്ലയിൽ പ്രവേശിക്കനാകൂ. സുഗന്ധവ്യഞ്ജനങ്ങളുടെ ഗന്ധം പരക്കേണ്ട ഹൈറേഞ്ചിലെ റോഡരികുകളിൽ നിന്ന് മാലിന്യങ്ങളുടെ ദുർഗന്ധമാണ് പരക്കുന്നത്. ജില്ലാ ആസ്ഥാനം മേഖലയിലെ പ്രധാന പാതയോരങ്ങളിലെല്ലാം തന്നെ സ്ഥിതി സമാനമാണ്. കഴിഞ്ഞ ദിവസം കഞ്ഞിക്കുഴി പഞ്ചായത്തിലെ കരിമണൽ വനമേഖലയിൽ എറണാകുളത്ത് നിന്ന് വാഹനത്തിൽ എത്തിച്ചു മാലിന്യങ്ങൾ തള്ളിയ ആളെയും വാഹനവും നഗരംപാറ ഫോറസ്റ്റ് റേഞ്ച് ഓഫീസർ ജി.ജി. സന്തോഷിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തിരുന്നു. എറണാകുളം അടക്കമുള്ള അതിർത്തി ജില്ലകളിൽ നിന്നുള്ള അറവ് മാലിന്യങ്ങളും ഹോട്ടൽ മാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും ഉൾപ്പെടെയാണ് പ്രധാന പാതയോരങ്ങളോട് ചേർന്നുള്ള വനമേഖലകളിൽ നിക്ഷേപിക്കുന്നത്. തൊടുപുഴ- പുളിയൻമല സംസ്ഥാന പാതയോരത്തും ഇടുക്കി- നേര്യമംഗലം പാതയോരങ്ങളിലുമാണ് പ്രധാനമായും മാലിന്യങ്ങൾ തള്ളുന്നത് വനമേഖലയായയതിനാൽ തന്നെ ആൾ വാസം ഇല്ലാത്തതാണ് ഇവിടങ്ങളിൽ സാമൂഹ്യവിരുദ്ധർ കൂടുതലായി മാലിന്യങ്ങൾ തള്ളാൻ കാരണം. അസഹനീയമായ ദുർഗന്ധം മൂലം ഇടുക്കിയിലേക്ക് കടന്നുവരുന്ന വിനോദസഞ്ചാരികൾക്കും തദ്ദേശിയരായവർക്കും മൂക്ക് പൊത്താതെ യാത്ര ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണ്. പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ വനമേഖലയിൽ നിക്ഷേപിക്കുന്നത് പാരിസ്ഥിതിക പ്രശ്‌നങ്ങൾക്കും വന്യമൃഗങ്ങളുടെ അടക്കം ജീവൻ നഷ്ടമാകാനും കാരണമാകുന്നുണ്ട്. എന്നാൽ ഓരോ ദിവസവും മാലിന്യ നിക്ഷേപം കൂടിവരുകയാണ്.


"വനമേഖലകളിൽ പരിശോധന കർശനമാക്കും. വനത്തിനുള്ളിൽ മാലിന്യം നിഷേധിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ഉത്തരവാദികൾക്കെതിരെ കർശന നടപടി ഉണ്ടാകും. വനത്തിനുള്ളിൽ മാലിന്യം നിക്ഷേപിക്കുന്നത് പൊതുജനങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ 8547601475 എന്ന നമ്പറിൽ വിവരം അറിയിക്കാവുന്നതാണ്."

ജി.ജി. സന്തോഷ്‌കുമാർ (ഡെപ്യൂട്ടി റേഞ്ച് ഓഫീസർ,​ നഗരംപാറ ഫോറസ്റ്റ് സ്റ്റേഷൻ)​