
പീരമേട്:ദേശീയപാത 183 ൽ
. മുണ്ടക്കയം മുപ്പത്തിനാലാം മൈൽ മുതൽ കുട്ടിക്കാനം വരെയുള്ള ഭാഗത്ത് റോഡിൽ അപകടം ഒഴിവാക്കാനായി വച്ചിരിക്കുന്ന റിഫ്ളക്ടറുകൾ ഘടിപ്പിച്ചിരിക്കുന്നത് ടാർ വീപ്പയിൽ. റോഡിലെ ക്രാഷ് ബാരിയറിന് പകരം വീപ്പകൾ വച്ച് അതിലാണ് റിഫ്ളക്ടറുകൾ ഘടിപ്പിച്ചിരിക്കുന്നത് ഇത് പലപ്പോഴും അപകടത്തിന് കാരണമാകുന്നു. ശക്തമായ മഴയിലും കാറ്റിലും ടാർ വീപ്പകൾ റോഡിൽ മറിഞ്ഞ് വീഴുകയും പതിവാണ്.രാത്രിയിൽ എത്തുന്ന പരിചിതമല്ലാത്ത വാഹനയാത്രക്കാർക്ക് പലപ്പോഴും പ്രതിസന്ധി സൃഷ്ടിക്കാൻ വീപ്പകൾ കാരണമാകാറുണ്ട്. കഴിഞ്ഞ പ്രളയത്തിൽ ദേശീയ പാത 183 ൽ മുപ്പത്തിയഞ്ചാം മൈൽ മുതൽ കുട്ടിക്കാനം വരെയുള്ള ഭാഗങ്ങളിൽ റോഡിന്റെ ഇരു വശങ്ങളും മണ്ണിടിച്ചിലിൽ തകർന്നു പോയി. വലിയ കുഴികൾ വരെ രൂപപ്പെട്ടിട്ടുണ്ട്. ദേശീയപാതയിൽ പല ഭാഗങ്ങളിലും ഇത്തരം അപകടഭീക്ഷണി നിലനിൽക്കുന്ന ഭാഗങ്ങൾ ഉണ്ട്. ഇവിടെ ഒന്നും സംരക്ഷണഭിത്തി ഇല്ലാതെ കിടക്കുകയാണ് .അപകടം ഒഴിവാക്കാനായി ഇരുമ്പ് വേലികൾക്ക് പകരമാണ് ഇത്തരം ടാർ വീപ്പകൾ റോഡിന്റെ വശങ്ങളിൽ വച്ചിരിക്കുന്നത്. ഇതും അപകടം വരുത്തുന്നു. ഇടിഞ്ഞഭാഗങ്ങളിൽ സംരക്ഷണഭിത്തികൾ കെട്ടാനുള്ള നടപടികൾ അധികൃതർ സ്വീകരിച്ചിട്ടില്ല .
കൊടും വളവുകൾ നിറഞ്ഞ റോഡിൽ മുണ്ടക്കയം മുതൽ കുട്ടിക്കാനം വരെയുള്ള ഭാഗം കുത്തനെയുള്ള ഇറക്കവും കുത്തനെയുള്ള കയറ്റവുമാണ് .പലപ്പോഴും മൂടൽമഞ്ഞും ഉണ്ടാകും.ഇവിടെ വാഹനങ്ങൾ നിരന്തരമായി അപകടത്തിൽ പ്പെടുന്നു. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ഇവിടെ ആറോളം അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. റോഡ് സുരക്ഷാമാർഗ്ഗങ്ങൾ കർശനമാക്കിയാൽ നിരന്തരം ഉണ്ടാകുന്ന വാഹന അപകടങ്ങൾ ഒരു പരിധി വരെ നിയന്ത്രിക്കാൻ കഴിയും.