തൊടുപുഴ: ഈസ്റ്റർ മുന്നൊരുക്കത്തിന് പിന്നാലെ റമദാൻ വൃതവും കൂടി ആരംഭിച്ചതോടെ വിപണിയിൽ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. അടുത്തയാഴ്ച വിഷു കൂടിയെത്തുന്നതോടെ വിലക്കയറ്റം പാര്യമത്തിലെത്തും. ഏപ്രിൽ 15ന് ദുഃഖവെള്ളി ദിവമാണ് ഇത്തവണ വിഷു. 17ന് ഈസ്റ്ററും. മേയ് ആദ്യവാരമാകും ഈദുൽഫിത്വർ. ഈസ്റ്റർ നോമ്പിന് പിന്നാലെ രണ്ട് ദിവസം മുമ്പ് റമദാൻ വൃതവും കൂടി ആരംഭിച്ചതോടെ പച്ചക്കറി, അരി, പഴവർഗങ്ങൾ, ഇറച്ചി എന്നിവയ്ക്ക് ഗണ്യമായ വർദ്ധനയാണ് വിപണിയിലുണ്ടായിരിക്കുന്നത്. ബ്രാൻഡഡ് വടിയരിക്ക് ഒരു രൂപ കൂടി. കിലോഗ്രാമിനു 47- 48 രൂപയാണ് ഇപ്പോൾ ചില്ലറ വില. അരിവില ഉയരുന്നത് നിത്യച്ചെലവിന് ബുദ്ധിമുട്ടുന്നവരെ കൂടുതൽ പ്രതിസന്ധികളിലേക്ക് തള്ളിവിടുകയാണ്. സൺഫ്ളവർ ഓയിലിന് 190- 195 രൂപയാണ് ലിറ്ററിനു നിലവിലെ ചില്ലറവില. ഒരു മാസം കൊണ്ട് വിലയിൽ അമ്പതു രൂപയോളം വർദ്ധനയാണ് ഉണ്ടായത്. പാമോയിലിന് 150- 155 രൂപയാണ് ഈടാക്കുന്നത്. വെളിച്ചെണ്ണ ലിറ്ററിന് 190 രൂപയായി. കുറഞ്ഞ വെളിച്ചെണ്ണ 155- 160 രൂപ നിരക്കിൽ ലഭ്യമാണ്.
പച്ചക്കറി വിപണിയിൽ പല ഇനങ്ങൾക്കും വില ദിനംപ്രതി കൂടുകയാണ്. ക്യാരറ്റ്, ബീൻസ്, വെണ്ടയ്ക്ക തുടങ്ങിയവയുടെ വിലയിൽ വർദ്ധനയുണ്ട്. പല കടകളിലും വ്യത്യസ്ത വിലകൾ ഈടാക്കുന്നതായും ആക്ഷേപമുണ്ട്. കൊവിഡ് മഹാമാരിക്കുശേഷം കരകയറാൻ ശ്രമിക്കുന്ന ജനം നേരിടുന്ന ഇപ്പോഴത്തെ ഏറ്റവും വലിയ പ്രതിസന്ധിയായി വിലക്കയറ്റം മാറി.
ബാധിച്ചത് ഇന്ധനവില വർദ്ധന
പച്ചക്കറികളും പഴങ്ങളും അയൽ സംസ്ഥാനങ്ങളിൽ നിന്നാണ് പ്രധാനമായും ജില്ലയിലെത്തുന്നത്. അടിക്കടിയുള്ള ഇന്ധന വിലവർദ്ധന ലോറികളിലും മറ്റും സാധനങ്ങൾ ഇവിടെ എത്തിക്കാനുള്ള ചെലവ് ഇരട്ടിയാക്കിയതായി വ്യാപാരികൾ പറയുന്നു. പാചകവാതകം, പെട്രോൾ, ഡീസൽ, മണ്ണെണ്ണ, ബസ് ചാർജ്, ഓട്ടോ ചാർജ് എന്നിവയുടെ വിലയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വർദ്ധന കച്ചവടക്കാരെ വില ഇനിയും വർദ്ധിപ്പിക്കാൻ പ്രേരിപ്പിക്കുകയാണ്.
പറന്നുയർന്ന് ചിക്കൻ വില
പറന്നുയർന്ന് കോഴിയിറച്ചി വില 150 കടന്നു. ഇന്നലെ തൊടുപുഴ മേഖലയിൽ കിലോഗ്രാമിന് 150 രൂപയായിരുന്നു ചിക്കൻ വില. സാധാരണ ഈസ്റ്റർ നോമ്പിന്റെ സമയത്ത് വില കുറയേണ്ടതാണ്. എന്നാൽ ഒരു മാസത്തോളമായി വില കൂടി നിൽക്കുകയാണ്. കോഴിത്തീറ്റയുടെ വില കൂടിയതും ചൂട് മൂലം ഫാമുകളിൽ കോഴികൾ ചാവുന്നതുമാണ് ഇപ്പോഴുള്ള വില വർദ്ധനവിന് കാരണം