train
നിർമ്മാണം പൂർത്തിയാക്കിയ ആണ്ടിപ്പെട്ടി തേനി റെയിൽ പാതയിൽ പരിശോധന നടത്തുന്ന റെയിൽവേ ഉദ്യോഗസ്ഥർ

• ആണ്ടിപ്പെട്ടി തേനി 17 കിലോമീറ്റർ റെയിൽ പാതയിലെ അതിവേഗ ട്രയൽ റൺ വിജയിച്ചു


കട്ടപ്പന : ഇടുക്കിയുടെ വാണിജ്യ മേഖലയ്ക്ക് പ്രതീക്ഷയേകി ആണ്ടിപ്പെട്ടി തേനി റെയിൽ പാതയിലെ ട്രയൽ റൺ വിജയകരമായി നടത്തി.17 കിലോമീറ്റർ ട്രാക്കിലെ ജോലികൾ പൂർത്തിയായതിന് പിന്നാലെ മദ്ധ്യറെയിൽവേ സുരക്ഷാ കമ്മീഷണർ നോജ് അറോറ, റെയിൽവേ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ (നിർമ്മാണ വിഭാഗം) പ്രഫുല്ല വർമ്മ, ചീഫ് എഞ്ചിനീയർ എ. ഇളമ്പോരനൻ, ഡിവിഷണൽ റെയിൽവേ മാനേജർ പി. അനന്ത് എന്നിവർ അടങ്ങുന്ന സംഘം പാതയിൽ അതിവേഗ പരീക്ഷണ ഓട്ടം നടത്തി.നാല് ബോഗികൾ ഘടിപ്പിച്ച ട്രെയിൻ 120 കിലോമീറ്റർ വേഗത്തിൽ ഓടിച്ചാണ് ട്രാക്ക് സജ്ജമാണെന്ന് വിലയിരുത്തിയത്.2 മണിമുതൽ 6 മണി വരെ പരീക്ഷണ ഓട്ടം തുടർന്നു.വൈഗ നദിക്ക് കുറുകെയുള്ള സബ് വേ ഉൾപ്പെടെ മൂന്ന് പ്രധാന പാലങ്ങൾ,വരുഷനാട് കണ്ടമാനൂർ ജംഗ്ഷനിലെ റെയിൽവേ ഗേറ്റുകളും വൈദ്യുതി ലൈൻ ക്രോസിംഗുകളും വളവുകളും സംഘം പരിശോധിച്ചു.ട്രയൽ റണ്ണിന്റെ ഭാഗമായി എത്തിച്ച ട്രെയിൻ നാട്ടുകാർ ആവേശത്തോടെയാണ് സ്വീകരിച്ചത്.മധുര ബോഡിനായ്ക്കന്നൂർ മീറ്റർഗേജ് ബ്രോഡ് ഗേജാക്കിയാണ് ഉയർത്തുന്നത്.ഇതിനായി 450 കോടി രൂപയാണ് ചിലവഴിക്കുന്നത്.മധുര മുതൽ ബോഡിനായ്ക്കന്നൂർ വരെ 91 കിലോമീറ്റർ ദൂരത്തിലാണ് പാളം നിർമ്മിക്കുന്നത്.ഒന്നാം ഘട്ടമായി ആണ്ടിപ്പെട്ടി വരെയുള്ള 57 കിലോമീറ്റർ ഭാഗത്തെ നിർമ്മാണം പൂർത്തിയാക്കി പരീക്ഷണ ഓട്ടവും നടത്തി ഗതാഗതത്തിന് അനുമതി നൽകിയിരുന്നു.

ഇനി 15 കിലോമീറ്റർ മാത്രം

ഇനി തേനി മുതൽ ബോഡിനായ്ക്കന്നൂർ വരെയുള്ള 15 കിലോമീറ്റർ പാതയാണ് പൂർത്തിയാക്കാനുള്ളത്.ജൂലൈയോടെ ഇത് പൂർത്തിയാക്കാൻ കഴിയുമെന്നാണ് റെയിൽവേ ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.


• ഇടുക്കിക്ക് പ്രതീക്ഷ ഏറെ

അയൽ സംസ്ഥാനത്തിന്റെ അതിർത്തി സ്ഥലങ്ങളിലൂടെ ട്രെയിൻ എത്തുമെന്ന് ഉറപ്പായതോടെ ഇടുക്കിയിലെ വാണിജ്യ മേഖലയ്ക്ക് ഉണർവ്വേകുമെന്നാണ് പ്രതീക്ഷ.ഏലം, കുരുമുളക് തുടങ്ങിയ നാണ്യവിളകളുടെ ചരക്ക് ഗതാഗതം റെയിൽപാത എത്തുന്നതോടെ വേഗത്തിലാക്കാൻ സാധിക്കും.കുമളിയിൽ നിന്ന് തേനി വരെ 63 ഉം കട്ടപ്പനയിൽ നിന്ന് 69 കിലോമീറ്ററുമാണ് ദൂരം.മൂന്നാറിൽ നിന്നും ബോഡി നായ്ക്കന്നൂർ എത്തിച്ചേരാൻ 62 കിലോമീറ്ററാണ് സഞ്ചരിക്കേണ്ടത്.വാണിജ്യ മേഖലയ്ക്ക് പുറമേ വിനോദ സഞ്ചാരികൾ ഉൾപ്പടെയുള്ള യാത്രക്കാർക്കും അനുഗ്രഹമാണ്.കേരളത്തിന്റെ ഏറ്റവും അടുത്ത അതിർത്തിയായ ലോവർ ക്യാമ്പുവരെ റെയിൽപാത നീട്ടണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. കുമളിയിൽ നിന്ന് ലോവർ ക്യാമ്പ് വരെ വെറും 8 കിലോമീറ്റർ മാത്രമാണ് ദൂരം .