തൊടുപുഴ: വിവിധ ക്ഷേമനിധി പദ്ധതികളിൽ അംഗങ്ങളായി 60 വയസ് വരെ അംശാദായം അടച്ചവർക്കെല്ലാം പ്രതിമാസം 5000 രൂപ പെൻഷൻ നൽകണമെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു. കെ.ടി.യു.സി ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്ഷേമനിധിയിൽ ചേരാൻ കഴിയാതെ പോയ കർഷകരടക്കമുള്ളവർക്കും പെൻഷൻ ലഭ്യമാക്കണം. അനാവശ്യ നിബന്ധനകളുയർത്തി കർഷകതൊഴിലാളി ക്ഷേമനിധി അംഗങ്ങളായിരുന്നവർക്ക് പെൻഷൻ നിഷേധിക്കുന്നത് അവസാനിപ്പിക്കണം. ആധാർ കാർഡിലെയോ സ്‌കൂൾ സർട്ടിഫിക്കറ്റിലെയോ വയസ് അംഗീകരിക്കണമെന്നും അതിനായി മറ്റ് രേഖകൾ ആവശ്യപ്പെട്ട് തൊഴിലാളികളെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലെന്നും പി.ജെ. ജോസഫ് തുടർന്നു പറഞ്ഞു. ജില്ലാ പ്രസിഡന്റ് വർഗീസ് സക്കറിയ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് റോയി ഉമ്മൻ മുഖ്യപ്രഭാഷണം നടത്തി. പാർട്ടി ഡെപ്യൂട്ടി ചെയർമാൻ കെ. ഫ്രാൻസിസ് ജോർജ്ജ്, സംസ്ഥാന വൈസ് ചെയർമാൻ മാത്യു സ്റ്റീഫൻ, ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ. ജേക്കബ്, കർഷക തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ, പാർട്ടി നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. ജോസി ജേക്കബ്, കെ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി എ.എസ്. ജയൻ, പാർട്ടി ജില്ലാ സെക്രട്ടറി ഫിലിപ്പ് മലയാറ്റ്, കെ.ടി.യു.സി ജില്ലാ സെക്രട്ടറിമാരായ കെ.കെ. രാജു, ജോളി ഈരാച്ചേരിൽ എന്നിവർ പ്രസംഗിച്ചു.