കട്ടപ്പന: പദ്ധതി നടത്തിപ്പിൽ ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത്. കഴിഞ്ഞ സാമ്പത്തിക വർഷം അനുവദിച്ച 4.81 കോടി രൂപയും 100 ശതമാനം ചെലവഴിച്ചുകൊണ്ടാണ് ബ്ലോക്ക് പഞ്ചായത്ത് പുരസ്‌കാരം സ്വന്തമാക്കിയത്. സംസ്ഥാനതലത്തിൽ പതിനെട്ടാം സ്ഥാനവും ബ്ലോക്ക് പഞ്ചായത്തിന് ലഭിച്ചു. പി.എം.കെ.എസ്സ്.വൈ പദ്ധതിയിൽ പ്രകൃതിവിഭവ പരിപാലനത്തിൽ 100 ശതമാനവും ചെലവഴിച്ചു.
പ്ലാസ്റ്റിക് സംസ്‌കരണത്തിന് ബ്ലോക്ക് ആർആർഎഫ്, ഉപ്പുതറ, വണ്ടന്മേട് സിഎച്ച്‌സികളിൽ സായാഹ്ന ഓപി സൗകര്യം, സിഎച്ച്‌സികൾ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കുന്നതിനും ഉന്നത നിലവാരത്തിലാക്കുന്നതിനുമുള്ള പദ്ധതികൾ, അംഗപരിമിതർക്ക് ചലനശ്രവണ സഹായികൾ, തരിശുഭൂമി കൃഷിയോഗ്യമാക്കുന്നതിനുള്ള പദ്ധതി, ക്ഷീര കർഷകർക്ക് പാലിന് സബ്‌സിഡി തുടങ്ങി വിവിധ പദ്ധതികൾ നടപ്പാക്കി. അടിസ്ഥാന സൗകര്യ വികസനത്തിനുള്ള പദ്ധതികളും, പിഎംഎവൈ, ലൈഫ് തുടങ്ങി ഭവനപദ്ധതികളും മികച്ചരീതിയിൽ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിയതായി പ്രസിഡന്റ് ജോസുകുട്ടി കണ്ണമുണ്ടയിൽ, വൈസ് പ്രസിഡന്റ് അന്നമ്മ ജോൺസൺ, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ സവിത ബിനു, ലാലച്ചൻ വെള്ളക്കട, ജലജ വിനോദ് എന്നിവർ പറഞ്ഞു.
. മുട്ടകോഴി വിതരണം, അത്യുൽപ്പാദന ശേഷിയുള്ള വിദേശയിനം ഫലവൃക്ഷതൈകളുടെ വിതരണം. കിടാരി പരിപാലനം, കുരുമുളക് കിഴങ്ങുവർഗ കൃഷിക്ക് ധനസഹായം തുടങ്ങിയ പദ്ധതികൾ ഉത്പാദന മേഖലയിൽ നടപ്പിലാക്കി. കുളങ്ങൾ, കിണറുകൾ, മഴവെള്ള സംഭരണികൾ തുടങ്ങിയ പ്രകൃതിവിഭവ പരിപാലന പദ്ധതികൾ പൂർണ്ണമായും നടപ്പാക്കി.