raja
അമ്പഴച്ചാൽ പാലത്തിന്റെയും കോവിൽക്കടവ് പാലത്തിന്റെയും നിർമ്മാണ ഉദ്ഘാടന ശിലാഫലകം അഡ്വ. എ രാജ എംഎൽഎ അനാശ്ചാദനം ചെയ്യുന്നു

അമ്പഴച്ചാൽ, കോവിൽക്കടവ് പാലങ്ങളുടെ നിർമ്മാണ ഉദ്ഘാടനം നടത്തി

ഇടുക്കി: മലയോര ഹൈവേ നാല് വർഷത്തിനുള്ളിൽ പൂർത്തീകരിക്കാനുള്ള കഠിനശ്രമമാണ് സർക്കാർ നടത്തുന്നതെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. സംസ്ഥാനപാതയുടെ ഭാഗമായ ഇരുട്ടുകാനം ആനച്ചാൽ റോഡിലെ അമ്പഴച്ചാൽ പാലത്തിന്റേയും മറയൂർ കാന്തല്ലൂർ റോഡിലെ കോവിൽക്കടവ് പാലത്തിന്റേയും നിർമ്മാണ ഉദ്ഘാടനം ഓൺലൈനായി നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. റോഡുകളുടെ നിലവാരമുയർത്തി ദീർഘകാലം നിലനിൽക്കുന്ന റോഡുകൾ നിർമ്മിക്കാനാണ് പൊതുമരാമത്ത് വകുപ്പ് ലക്ഷ്യമിടുന്നത്. കിഫ്ബി പ്രവൃത്തികൾ ഏറ്റവും അധികമുള്ളത് പൊതുമരാമത്ത് വകുപ്പിലാണ്. ഗ്രാമീണമേഖലകളിൽ അടക്കം മികച്ച റോഡുകൾ നിർമ്മിക്കാനായി. പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികളിൽ ജനങ്ങളിപ്പോൾ കാഴ്ച്ചക്കാരല്ല; കാവൽക്കാരാണ്. നിർമ്മാണജോലികൾ നല്ലനിലയിൽ പൂർത്തീകരിക്കാനുള്ള എല്ലാ സാഹചര്യവും പൊതുമരാമത്ത് വകുപ്പ് ഒരുക്കും.

സംസ്ഥാനസർക്കാരിന്റെ നൂറ് ദിനകർമ്മപരിപാടികളുടെ ഭാഗമായിട്ടാണ് അമ്പഴച്ചാൽ പാലത്തിന്റെയും കോവിൽക്കടവ് പാലത്തിന്റെയും നിർമ്മാണ ഉദ്ഘാടനം നടത്തിയിട്ടുള്ളത്. 19.25 മീറ്റർ നീളത്തിലാണ് അമ്പഴച്ചാലിലെ പാലം നിർമ്മിക്കുന്നത്. 37.9 മീറ്റർ നീളമാണ് കോവിൽക്കടവിലെ പാലത്തിനുള്ളത്. ഇരുപാലങ്ങൾക്കും ഒരു വശത്ത് 1.50 മീറ്ററോടുകൂടിയ നടപ്പാതയുണ്ട്. പുതിയപാലങ്ങളുടെ നിർമ്മാണം പൂർത്തീകരിക്കപ്പെടുന്നതോടെ ഇതുവഴിയുള്ള വാഹനഗതാഗതം കൂടുതൽ സുഗമമാകും.

ഉദ്ഘാടന യോഗത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ ഓൺലൈനായി അദ്ധ്യക്ഷത വഹിച്ചു. അമ്പഴച്ചാലിൽ സംഘടിപ്പിച്ച പ്രാദേശിക യോഗത്തിൽ അഡ്വ. എ രാജ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. ത്രിതലപഞ്ചായത്ത് പ്രതിനിധികൾ, പൊതുമരാമത്ത് വകുപ്പുദ്യോഗസ്ഥർ, മറ്റുദ്യോഗസ്ഥ പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.