തൊടുപുഴ: തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ ഒമ്പതാം ഉത്സവമായ ഇന്ന് പ്രസിദ്ധമായ ഉത്സവബലി ചടങ്ങ് നടക്കും. കൊവിഡിനെ തുടർന്ന് രണ്ട് വർഷം പൊതുജനങ്ങൾക്ക് പ്രവേശനമില്ലാതിരുന്ന ഉത്സവബലി ദർശനത്തിന് ആയിരങ്ങളെത്തുമെന്നാണ് കരുതുന്നത്. പതിവ് ക്ഷേത്ര പൂജകൾക്ക് ശേഷം ഇന്ന് രാവിലെ ഒമ്പതിന് ഉത്സവബലി നടക്കും. 9.30 മുതലാണ് ഉത്സവബലി ദർശനം. ഉത്സവബലി ദർശന സമയത്ത് ശ്രീകൃഷ്ണഭഗവാന്റെ തിരുമുമ്പിൽ നാണയപ്പറ നിറയ്ക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. 11.30 മുതൽ ഭക്തജന പങ്കാളിത്തത്തോടെയുള്ള മഹാപ്രസാദ ഊട്ട് നടക്കും. രണ്ടിന് ഉച്ചപൂജ, ഉച്ചശീവേലി, 2.30 മുതൽ ചാക്യാർകൂത്ത്, നാല് മുതൽ 6.30 വരെ കാഴ്ചശ്രീബലി, 6.30ന് ദീപാരാധന,​ 7.15 മുതൽ 8.45 വരെ അത്താഴപൂജ, അത്താഴശിവേലി, ശ്രീഭൂതബലി. നിലപാടുതറയിൽ യോഗീശ്വരസ്ഥാനത്ത് ഹവിസ് തൂകി മടങ്ങും. രാത്രി 12ന് പള്ളിവേട്ട എഴുന്നള്ളിപ്പ്, 2.30ന് നാദസ്വരം, 3.30ന് തിരുമുമ്പിൽ വലിയകാണിക്ക, 3.30ന് ഇറക്കി എഴുന്നള്ളിപ്പ്.

അരങ്ങിൽ ഇന്ന്

വൈകിട്ട് 6.45 തിരുവാതിര, 7.05ന് ഭരതനാട്യം, കുച്ചുപ്പുടി, എട്ട് മുതൽ സംഗീത കച്ചേരി.

തിരക്ക് നിയന്ത്രിക്കാൻ പൊലീസില്ല

ഉത്സവത്തിന്റെ തിരക്ക് നിയന്ത്രിക്കാൻ ആവശ്യത്തിന് പൊലീസില്ലെന്ന് ആക്ഷേപമുണ്ട്. അവധി ദിവസമായ ഞായറാഴ്ച വലിയ ഭക്തജനത്തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെട്ടത്. രാത്രി ആനക്കൂട് ജംഗ്ഷനിലെ എതിരേൽപ്പിനിടെ പൊലീസ് സാന്നിധ്യം തീരെ കുറവായിരുന്നു. അതിനാൽ ജനങ്ങളെ നിയന്ത്രിക്കാനും വാഹനങ്ങൾ കടത്തിവിടാനും സാധിച്ചില്ല. ഗതാഗതകുരുക്കുണ്ടായതിനെ തുടർന്ന് ഭക്തരും ക്ഷേത്രം കമ്മിറ്റിക്കാരും ചേർന്നാണ് ഗതാഗതം നിയന്ത്രിച്ചത്. ഇന്ന് നടക്കുന്ന ഉത്സവബലി ദർശനത്തിന് ആയിരക്കണക്കിന് ഭക്തരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.