നെടുങ്കണ്ടം :ഗാനമേളക്കിടയിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് യുവാവിന് കുത്തേറ്റു.കൂട്ടാർ ചമ്പക്കാട്ട് അഖിലിനാണ് (22) കുത്തേറ്റത്. അഖിലിനൊപ്പം സ്‌കൂട്ടറിലുണ്ടായിരുന്ന സുഹൃത്ത് അരുൺ നിസാര പരുക്കുകളോടെ രക്ഷപെട്ടു. സംഭവവുമായി ബന്ധപ്പെട്ട് വൈശ്യംപറമ്പിൽ സജുവിനെ കമ്പംമെട്ട് പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ:ചേലമൂട് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഞായറാഴ്ച രാത്രി ഗാനമേള നടന്നു. അഖിലും സുഹൃത്തുക്കളായ അരുൺ, അരവിന്ദ്, വിഷ്ണു എന്നിവർ ഗാനമേള കേൾക്കാനായി എത്തിയിരുന്നു. ഗാനമേള നടക്കുന്ന സ്ഥലത്തുവെച്ച് സജുവും യുവാക്കളുമായി വാക്കുതർക്കം ഉണ്ടാവുകയായിരുന്നു. തർക്കം ഉണ്ടായതോടെ യുവാക്കൾ സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വിവരം അറിയിച്ചു. എന്നാൽ പൊലീസ് ഉദ്യോഗസ്ഥരെ കണ്ട സജു സ്ഥലത്തുനിന്നും പോവുകയായിരുന്നു.സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് യുവാക്കളോടും വീട്ടിൽ പോകാൻ പൊലീസ് നിർദ്ദേശിച്ചു. ഇതേത്തുടർന്ന് ഒരു ബൈക്കിലും സ്‌കൂട്ടറിലുമായി യുവാക്കൾ മടങ്ങി. പിന്നാലെ കാറിലെത്തിയ സജു അഖിലിനെയും അരുണിനെയും ഇടിച്ച് വീഴ്ത്തി. നിലത്തുവീണ യുവാക്കളെ മർദ്ദിക്കുകയും അഖിലിന്റെ ഇടത് നെഞ്ചിൽ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയാണെന്നാണ് യുവാക്കൾ പോലീസിന് നൽകിയ മൊഴി. സംഭവശേഷം അഖിലിനെ നെഞ്ചിലേറ്റിയത് ആഴത്തിലുള്ള മുറിവായിരുന്നെങ്കിലും ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റതിനാൽ നില ഗുരുതമായില്ല. നെഞ്ചിൽ നാല് തുന്നലുകളുണ്ട്.യുവാവ് ഇപ്പോഴും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.