
കൊവിഡ് മഹാമാരിക്കുശേഷം കരകയറാൻ ശ്രമിക്കുന്ന ജനത്തിന് ഏറ്റവും വലിയ പ്രതിസന്ധിയായി വിലക്കയറ്റം . ഈസ്റ്റർ മുന്നൊരുക്കത്തിന് പിന്നാലെ റമദാൻ വ്രതവും കൂടി ആരംഭിച്ചതോടെ വിപണിയിൽ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. അടുത്തയാഴ്ച വിഷു കൂടിയെത്തുന്നതോടെ വിലക്കയറ്റം പാരമ്യത്തിലെത്തും. ഏപ്രിൽ 15ന് ദുഃഖവെള്ളി ദിവസമാണ് ഇത്തവണ വിഷു. 17ന് ഈസ്റ്ററും. മേയ് ആദ്യവാരമാകും ഈദുൽ ഫിത്വർ. ഈസ്റ്റർ നോമ്പിന് പിന്നാലെ രണ്ട് ദിവസം മുമ്പ് റമദാൻ വ്രതവും കൂടി ആരംഭിച്ചതോടെ പച്ചക്കറി, അരി, പഴവർഗങ്ങൾ, ഇറച്ചി എന്നിവയ്ക്ക് ഗണ്യമായ വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്. പച്ചക്കറി വിപണിയിൽ പല ഇനങ്ങൾക്കും വില ദിനംപ്രതി കൂടുകയാണ്. പല കടകളിലും വ്യത്യസ്ത വിലകൾ ഈടാക്കുന്നതായും ആക്ഷേപമുണ്ട്.
ഇതിനിടെയാണ് ബസ്, ഓട്ടോ, ടാക്‌സി നിരക്കുകൾ വർദ്ധിപ്പിച്ചത്. പാചകവാതകം, പെട്രോൾ, ഡീസൽ, മണ്ണെണ്ണ, ബസ് ചാർജ്, ഓട്ടോ ചാർജ് എന്നിവയുടെ വിലയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വർദ്ധന കച്ചവടക്കാരെ വീണ്ടും വില വർദ്ധിപ്പിക്കാൻ പ്രേരിപ്പിക്കുകയാണ്. മാസാവസാനം കടം വാങ്ങി മുന്നോട്ട് പോകേണ്ട ഗതികടാണെന്നും നീക്കിയിരിപ്പിനൊന്നും കിട്ടുന്നില്ലെന്നും പല കുടുംബങ്ങളും വേവലാതിപ്പെടുന്നു. ഈ സ്ഥിതി തുടർന്നാൽ എങ്ങനെ മുന്നോട്ട് പോകാൻ കഴിയുമെന്നാണ് സാധാരണക്കാർ ചോദിക്കുന്നത്. കാർഷിക മേഖലയിലെ തകർച്ചയും പ്രകൃതിദുരന്തങ്ങളുടെ ദുരിതങ്ങളും ഇപ്പോഴും വെല്ലുവിളി അവശേഷിപ്പിക്കുന്ന ജില്ലയ്ക്ക് ഇതെല്ലാം താങ്ങാൻ കഴിയുന്നതിനും അപ്പുറമാണ്. ചെലവ് വർദ്ധിക്കുകയും വരുമാനം നിലയ്ക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണ് ജില്ലയിലിപ്പോൾ.
ഇന്ധനമെന്ന അന്തകൻ
ജനങ്ങളെ ദുരിതക്കയത്തിലാക്കി ഓരോ ദിവസവും സർക്കാർ നിഷ്കരുണം ഇന്ധനവില ഉയർത്തുകയാണ്. ഇതനുസരിച്ച് ഓരോ ദിനവും നിത്യോപയോഗ സാധനങ്ങളുടെ വിലയിലും വലിയ വർദ്ധനയാണ് ഉണ്ടാകുന്നത്. പണിയെടുക്കുന്ന പൈസ പെട്രോൾ പമ്പിലും കടയിലും കൊടുക്കാനേ ഉള്ളൂവെന്നാണ് ജനം പറയുന്നത്. പച്ചക്കറികളും പഴങ്ങളും അയൽ സംസ്ഥാനങ്ങളിൽ നിന്നാണ് പ്രധാനമായും ജില്ലയിലെത്തുന്നത്. അടിക്കടിയുള്ള ഇന്ധന വിലവർദ്ധന ലോറികളിലും മറ്റും സാധനങ്ങൾ ഇവിടെ എത്തിക്കാനുള്ള ചെലവ് ഇരട്ടിയാക്കിയതായി വ്യാപാരികൾ പറയുന്നു. ഓട്ടോ- ടാക്‌സി തൊഴിലാളികളും കടുത്ത പ്രതിസന്ധിയിലാണ്. ഉയർന്ന ഡീസൽ വില ബസ് സർവീസുകൾക്കും വെല്ലുവിളിയാകുന്നു.
പാചകവാതക വിലവർദ്ധന അടുക്കള ബഡ്ജറ്റിനെയും ഹോട്ടൽ വ്യവസായത്തെയുമെല്ലാം സാരമായി ബാധിച്ചു. പാചക വാതക വിലയും കുതിക്കുകയാണ്. ഗാർഹിക സിലിണ്ടറിന് 956.50 രൂപയായി. വാണിജ്യ സിലിണ്ടറിന് കഴിഞ്ഞ ദിവസമാണ് 256 രൂപ കൂടി കൂട്ടിയത്. വീട്ടമ്മമാർ അടുപ്പ് പുകയ്ക്കാൻ വിറക് തേടി പോകുമ്പോൾ ഹോട്ടലുകൾ അടച്ചുപൂട്ടേണ്ട അവസ്ഥയിലാണ് ഉടമകൾ. കഴിഞ്ഞ ദിവസം മാത്രം 256 രൂപയും അഞ്ചുമാസമായി 530 രൂപയുമാണ് ഒരു സിലിണ്ടറിന് വർദ്ധിപ്പിച്ചത്. ശരാശരി അഞ്ച് സിലിണ്ടർ ഉപയോഗിക്കുന്ന ഒരു ചെറുകിട സ്ഥാപനത്തിന് പാചകവാതക ഇനത്തിൽ മാത്രം ദിവസം 2700 രൂപയോളം അധികചെലവ് വരുന്നുണ്ട്. ഏറ്റവുമൊടുവിൽ മണ്ണെണ്ണയ്ക്കും വില ഇരട്ടിയിലും മുകളിലേക്കുയർത്തിയിരിക്കുകയാണ്. ഉത്പന്നങ്ങൾക്ക് വിലവർദ്ധിപ്പിക്കാതിരിക്കാൻ തൊഴിലാളികളെ ചുരുക്കിയും മറ്റുമാണ് സ്ഥാപനങ്ങൾ അതിജീവനം നടത്തുന്നത്. കൊവിഡ് മഹാമാരിമൂലം ഊർദ്ധശ്വാസം വലിക്കുന്ന ഭക്ഷണ ഉത്പാദന വിതരണ മേഖലയ്ക്ക് സർക്കാരുകളുടെ ഭാഗത്ത് നിന്ന് കൈത്താങ്ങ് ഉണ്ടായില്ലെങ്കിൽ ഭക്ഷണസാധനങ്ങൾക്ക് വിലവർദ്ധിപ്പിക്കേണ്ടി വരുമെന്ന് ഭാരവാഹികൾ പറയുന്നു.
പറന്നുയർന്ന് കോഴി വില
പറന്നുയർന്ന് കോഴിയിറച്ചി വില 150 കടന്നു. ഇതോടെ കോഴിയിറച്ചി കഴിക്കാൻ സാധാരണക്കാരന് കഴിയാത്ത സാഹചര്യമായി. ഈസ്റ്റർ, റമദാൻ, വിഷു തുടങ്ങിയ ഉത്സവാഘോഷങ്ങളോട് ബന്ധപ്പെട്ട് കോഴി വില ഉയരുന്നത് സാധാരണമെങ്കിലും ഇത്തവണ വില വർദ്ധന അനിയന്ത്രിതമാണെന്ന് വ്യാപാരികൾ തന്നെ പറയുന്നു. വിലക്കയറ്റമുണ്ടായാൽ പരമാവധി 15 ദിവസങ്ങൾക്കുള്ളിൽ നിരക്ക് കുറയാറുണ്ട്. എന്നാൽ ഇത്തവണ കൂടിയ നിരക്ക് ഒരു മാസത്തോളമായി തുടരുകയാണ്. ചൂടുകാലമായതിനാൽ ഫാമുകളിൽ കോഴികളെ വളർത്തുന്നത് കുറവാണ്. കോഴിത്തീറ്റയ്ക്ക് വലിയ വില വർദ്ധനവാണുണ്ടായത്. 50 കിലോ തീറ്റയ്ക്ക് 2100 രൂപ നൽകണം. ഒരു കോഴിക്കുഞ്ഞിന്മേൽ 110 രൂപ മുതൽമുടക്ക് വേണ്ടിവരുന്നു. മുമ്പ് ഇത് പരമാവധി 90 രൂപയായിരുന്നു. ഇക്കാരണങ്ങളാലാണ് ചിക്കന്റെ വില വർദ്ധിച്ചത്. കച്ചവടത്തിൽ 80 ശതമാനത്തിലധികം കുറവാണുണ്ടായത്. തുച്ഛമായ ലാഭത്തിന് കച്ചവടം നടത്തുന്ന ചെറുകിടക്കാർക്ക് കട വാടക നൽകാനോ തൊഴിലാളികൾക്ക് ശമ്പളം നൽകാനോ സാധിക്കുന്നില്ല.
വിലക്കയറ്റത്തിന് മരുന്നില്ല
സർവമേഖലകളിലെയും വിലക്കയറ്റത്തിൽ വലഞ്ഞിരിക്കുന്ന സാധാരണക്കാരന്റെ ശവപ്പെട്ടിക്ക് മേലുള്ള അവസാനത്തെ ആണിയാണ് ജീവൻരക്ഷാ മരുന്നുകൾക്കടക്കം വില കൂട്ടിയ കേന്ദ്രസർക്കാർ നടപടി. അവശ്യ മരുന്നുകളുടെ വില പത്ത് ശതമാനമാണ് വർദ്ധിച്ചത്. പ്രധാനപ്പെട്ട രോഗങ്ങൾക്കുള്ള 850 വ്യത്യസ്ത മരുന്നുകളെ വില വ്യതിയാനം ബാധിക്കും. ഇതോടെ പ്രതിമാസം ആയിരക്കണക്കിന് രൂപയുടെ മരുന്നിനെ സ്ഥിരമായി ആശ്രയിക്കുന്ന ലക്ഷക്കണക്കിനാളുകളാണ് പ്രതിസന്ധിയിലാകുന്നത്. വില നിയന്ത്രണ പട്ടികയിൽ വരാത്ത ധാരാളം മരുന്നുകളുണ്ട്. ഇവയ്ക്കും വില വർദ്ധന ബാധകമാണെന്നാണ് വിവരം.
നോൺ ഷെഡ്യൂൾഡ് മരുന്നുകൾക്ക് 10 ശതമാനം വാർഷിക വിലവർദ്ധന 2013ലെ ഡ്രഗ്‌സ് പ്രൈസ് കൺട്രോൾ ഓർഡർ പ്രകാരം അനുവദനീയമാണ്. ആന്റിബയോട്ടിക്കുകൾ, ആന്റി ഇൻഫെക്ടീവുകൾ, വിവിധ വിറ്റാമിനുകൾ എന്നിവയുടെ ഉത്പാദനത്തിന് ഉപയോഗിച്ചിരുന്ന 90 ശതമാനം സജീവ ചേരുവകകളും അസംസ്‌കൃത വസ്തുക്കളും വളരെ വിലക്കുറവിൽ ചൈനയിൽ നിന്നാണ് വന്നുകൊണ്ടിരുന്നത്. കൊവിഡ് പിടിമുറുക്കിയ 2020ൽ ചൈനയെ വിട്ട് മറ്റ് രാജ്യങ്ങളിൽ നിന്ന് ഉയർന്ന വില നിൽകിയാണ് ആഭ്യന്തര കമ്പനികൾ അസംസ്‌കൃത വസ്തുക്കൾ വാങ്ങിയിരുന്നത്.
പല രോഗികൾക്കും ജീവിതകാലം മുഴുവൻ മരുന്ന് കഴിക്കേണ്ടതുണ്ട്. ഒരു നേരം മരുന്ന് മുടങ്ങിയാൽ പോലും ശാരീരിക അവശതകൾ നേരിടുന്നവരുമുണ്ട്. നിലവിലെ വിലവർദ്ധന ഇത്തരം കുടുംബങ്ങളുടെ സാമ്പത്തിക അടിത്തറയിളക്കും.