adithattu-

പൂർണമായും ഉൾക്കടലിന്റെ ആഴങ്ങളിൽ സാഹസികമായി ചിത്രീകരിച്ച "അടിത്തട്ട് " എന്ന സിനിമ മേയ് മാസത്തിൽ തന്നെ പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി സംവിധായകൻ ജിജോ ആന്റണി. ചിത്രത്തിലെ മൂന്ന് സീനുകൾ ഒഴികെയുള്ള മറ്റ് ഭാഗങ്ങളെല്ലാം അത്യാധുനിക സാങ്കേതിക സംവിധാനങ്ങളോടെ കടലിന്റെ ആഴങ്ങളിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

കേരളത്തിലെ ഏറ്റവും വലിയ ഫിഷിംഗ് ഹാർബറായ നീണ്ടകരയിൽ നിന്നും മത്സ്യബന്ധനത്തിനായി ആഴക്കടലിലേക്ക് പോകുന്ന ഇന്ത്യ എന്ന ബോട്ടും, അതിലെ ഏഴ് ജീവനക്കാരുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ഏത് പ്രതികൂല സാഹചര്യത്തെയും അതിജീവിക്കാൻ ശീലിച്ച മത്സ്യബന്ധന തൊഴിലാളികളുടെ ചങ്കൂറ്റവും അതിജീവനവുമാണ് അടിത്തട്ട് എന്ന സിനിമയുടെ പ്രമേയം. ആക്ഷൻ ജേർണലിൽ ഒരുക്കിയ ഈ സിനിമ പ്രേക്ഷകർക്ക് ഒരു നവ്യാനുഭവം നൽകുമെന്നും ജിജോ ആന്റണി പറഞ്ഞു.

കുഞ്ചാക്കോ ബോബൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച കൊന്തയും പൂണൂലും, പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഡാർവിന്റെ പരിണാമം, സണ്ണി വെയ്ൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച പോക്കിരി സൈമൺ എന്നീ ചിത്രങ്ങൾക്ക് ശേഷം ജിജോ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് അടിത്തട്ട്. മിഡിൽ മാർച്ച് സ്റ്റുഡിയോസിന്റെയും കാനായിൽ ഫിലിംസിന്റെയും ബാനറിൽ സൂസൻ ജോസഫ്, സിൻട്രീസ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

സണ്ണിവെയ്ൻ, ഷൈൻ ടോം ചാക്കോ, പ്രശാന്ത് അലക്സാണ്ടർ, മുരുകൻ മാർട്ടിൻ, ജോസഫ് യേശുദാസ്, സാബുമോൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ആടുകളം എന്ന തമിഴ് ചിത്രത്തിലൂടെ ദേശീയ അംഗീകാരം ലഭിച്ച് ശ്രദ്ധേയനായ ജയപാലനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വിഷ്വൽ എഫക്ട്സിന്റെ സഹായമില്ലാതെ അത്യാധുനിക ചിത്രീകരണ സംവിധാനങ്ങൾ ഉപയോഗിച്ച് ഉൾക്കടലിൽ പൂർത്തിയാക്കിയ ചിത്രം പ്രേക്ഷകർക്ക് വേറിട്ട ഒരു ദൃശ്യാനുഭവമായിരിക്കും നൽകുന്നതെന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു. ഛായാഗ്രഹണം- പാപ്പിനു, രചന- ഖയസ് മിലൻ, അണ്ടർ വാട്ടർ- റിച്ചാർഡ് ആന്റണി, എഡിറ്റിംഗ്- നൗഫൽ അബ്ദുല്ല, ഗാനങ്ങൾ-ഷറഫു, സംഗീതം- നെസ്സർ അഹമ്മദ്, സൗണ്ട് മിക്സിംഗ്- സിനോയ് ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വർ, പി ആർ ഒ- എം കെ ഷെജിൻ.