പീരുമേട്: ഉന്നതനിലവാരത്തിലേക്കുയർത്തുന്നതിന് പീരുമേട് താലൂക്ക് ആശുപത്രിയ്ക്ക് 42 കോടി രൂപ അനുവദിച്ചതായി വാഴൂർ സോമൻ എം.എൽ.എ അറിയിച്ചു. ജില്ലയിലെ ഏറ്റവും മികച്ച ചികിത്സാ കേന്ദ്രമായി താലൂക്കാശുപത്രിയെ മാറ്റുന്നതിനുള്ള നടപടികൾക്ക് തുടക്കം കുറിച്ചതായി എം.എൽ.എ അറിയിച്ചു. പുതിയ ബഹുനില മന്ദിരത്തിനും ആധുനിക ചികിത്സാ സൗകര്യങ്ങൾക്കുമായി 42 കോടി രൂപയാണ് ഇപ്പോൾ അനുവദിച്ചിട്ടുള്ളത്. ഇതിന്റെ മാസ്റ്റർപ്ലാൻ തയ്യാറായിട്ടുണ്ട്. ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കും. മാറുന്ന കാലഘട്ടത്തിനുസൃതമായി നൂതന ചികിത്സാ സൗകര്യങ്ങളൊരുക്കുന്നതോടെ മെഡിക്കൽ കോളജിനു സമാനമായി ആശുപത്രി മാറ്റപ്പെടുമെന്നും പ്രതിസന്ധിയിലൂടെ കടന്നുപോയികൊണ്ടിരിക്കുന്ന തോട്ടം മേഖലയിലെ ജനങ്ങൾക്ക് മെച്ചപ്പെട്ട ചികിത്സ നൽകാൻ പീരുമേട് ആശുപത്രിക്കായി തുക അനുവദിച്ചുനൽകിയ മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജിനും എം.എൽ.എ പ്രതേകം നന്ദി അറിയിച്ചു.