ചെറുകിട തേയില കർഷകരുടെ ദുരിതം അവസാനിക്കുന്നില്ല
കട്ടപ്പന: കാലാവസ്ഥ പ്രതിസന്ധികളെ അതിജീവിച്ച് പച്ചക്കൊളുന്തിന് വില വർദ്ധിച്ചെങ്കിലും കർഷകന് പ്രയോജനമില്ല. ഉത്പാദനം ഗണ്യമായി കുറഞ്ഞതാണ് കർഷകരെ കണ്ണീരണിയിക്കുന്നത്. മാസങ്ങൾക്ക് മുമ്പ് കിലോ ഒമ്പത് രൂപയിലേയ്ക്ക് ഇടിഞ്ഞ് താഴ്ന്നിരുന്ന പച്ചക്കൊളുന്ത് വിലയിപ്പോൾ 13 മുതൽ 18 രൂപ വരെ എത്തി. ചെറുകിട കർഷകന് ഇത് മെച്ചപ്പെട്ട വിലയാണ്. എന്നാൽ അതിശക്തമായ കാലാവസ്ഥ വ്യതിയാനത്തെ തുടർന്നുണ്ടായ ഉത്പാദനക്കുറവ് നിലവിലെ വിലക്കയറ്റത്തിന്റെ ഗുണം കർഷകനിൽ നിന്ന് ഏറെ അകലേയ്ക്ക് എത്തിച്ചു കഴിഞ്ഞു. മുൻ വർഷങ്ങളെ അപേക്ഷിച്ച് തേയില ഉത്പാദനത്തിൽ വലിയ കുറവ് ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. യുക്രൈൻ- റഷ്യ യുദ്ധ പശ്ചാത്തലത്തിൽ യൂറോപ്യൻ രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി കുറഞ്ഞതും ശ്രീലങ്കയിലെ ആഭ്യന്തര പ്രശ്‌നങ്ങൾ മൂലം ഇന്ത്യയിലേയ്ക്ക് ഇറക്കുമതി ചെയ്തിരുന്ന തേയിലയുടെ അളവ് വളരെ കുറഞ്ഞതുമാണ് ആഭ്യന്തര തേയില വിപണിയിലെ വിലക്കയറ്റത്തിന്റെ പ്രധാന കാരണം. ഉത്പാദനക്കുറവിലും സാമാന്യം മെച്ചപ്പെട്ട വില ലഭിക്കുന്നത് തകർച്ചയിലായിരുന്ന ചെറുകിട തേയില കർഷകർക്ക് ഏറെ ആശ്വാസകരം തന്നെയാണ്.
ഉത്പാദനം കുറഞ്ഞത് 40 ശതമാനത്തോളം
കഴിഞ്ഞ മൺസൂൺ സീസണിൽ അധിക മഴയാണ് കേരളത്തിൽ പെയ്തത്. ജൂൺ മുതൽ ജനുവരി വരെ മഴ നീണ്ടത് തേയിലച്ചെടികളെ പ്രതികൂലമായി ബാധിച്ചിരുന്നു. ഇതിന് പുറമെ ശക്തമായ മഞ്ഞുവീഴ്ച ഉണ്ടായതും വിനയായി. മുമ്പെങ്ങുമില്ലാത്ത വേനൽചൂട് കൂടിയായപ്പോൾ ചെടികൾക്ക് ഫംഗസ് രോഗ ബാധ വളരയധികം ബാധിച്ചതായും കർഷകർ പറയുന്നു. ഏലപ്പാറ മേഖലയിലെ ചെറുകിട തോട്ടങ്ങിൽ ഇല ചുവന്ന് നശിക്കുന്ന പുതിയ രോഗവും കണ്ടെത്തിയിട്ടുണ്ട്.