മൂലമറ്റം: വെടിവെപ്പ് കേസിലെ പ്രതി ഫിലിപ്പ് മാർട്ടിനുമായി മൂലമറ്റത്തെത്തി കൊലപാതക ദിവസത്തെ സംഭവങ്ങൾ പുനരാവിഷ്കരിച്ച് പൊലീസ് സംഘം. കഴിഞ്ഞ ദിവസം നടത്തിയ തെളിവെടുപ്പിൽ പ്രതി പറഞ്ഞ കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്താനാണ് വീണ്ടും പ്രതിയുമായി സംഭവസ്ഥലത്തെത്തിയത്. തെളിവെടുപ്പിന് അന്വേഷണ ഉദ്യോഗസ്ഥനായ തൊടുപുഴ ഡിവൈ.എസ്.പി എ.ജി. ലാൽ നേതൃത്വം നൽകി. സംഭവം നടന്നത് സംബന്ധിച്ച് പ്രതി വിശദീകരിച്ചതിൻ പ്രകാരമാണ് പുനരാവിഷ്കരിച്ചത്. അഞ്ച് ദിവസമാണ് പ്രതിയെ കസ്റ്റഡിയിൽ ലഭിച്ചിട്ടുള്ളത്. എട്ടിന് വീണ്ടും കോടതിയിൽ ഹാജരാക്കണം. അതിനു മുമ്പ് പരമാവധി തെളിവുകൾ ശേഖരിക്കാനുള്ള ഊർജിത ശ്രമമാണ് അന്വേഷണ സംഘം നടത്തുന്നത്. വെടിവെപ്പിന് ഉപയോഗിച്ച തോക്കിനെക്കുറിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. പ്ലാന്റേഷനിലുള്ള ഇരുമ്പ് പണിക്കാരനാണ് തോക്ക് നൽകിയതെന്നാണ് പ്രതി പറയുന്നത്. ഇരുമ്പുപണിക്കാരന്റെ ഭാര്യ ഫിലിപ്പ് മാർട്ടിനെ തിരിച്ചറിഞ്ഞു. എങ്കിലും ഇരമ്പുപണിക്കാരൻ തന്നെയാണോ തോക്ക് നൽകിയത് എന്നത് സംബന്ധിച്ച് കൂടുതൽ വ്യക്തത വരേണ്ടതുണ്ട്. ഇതിനായുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.