a

മൂലമറ്റം: അറക്കുളത്ത് അശോക കവലയിലെ തട്ടുകടയില്‍ ഭക്ഷണം ലഭിക്കാത്തതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിലെ പ്രതി മൂലമറ്റം മാവേലിപുത്തന്‍പുരയില്‍ ഫിലിപ്പ് മാര്‍ട്ടി(32)നെ അന്വേഷണ സംഘം കോടതിയില്‍ തിരികെ ഹാജരാക്കി. അഞ്ചാം തിയതിയാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. എട്ടാം തിയതി വരെയാണ് കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടതെങ്കിലും തെളിവെടുപ്പും ചോദ്യം ചെയ്യലും പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് രണ്ട് ദിവസം മുൻപേ പൊലീസ് ഫിലിപ്പിനെ കോടതിയിൽ തിരികെ ഹാജരാക്കിയത്. കോടതിയിൽ ഹാജരാക്കിയ ഫിലിപ്പിനെ പീരുമേട് സബ് ജയിലിലേക്കാണ് മാറ്റിയത്. ഫിലിപ്പിന് തിരയും വെടിമരുന്നും നല്‍കിയതിന് ചൊവ്വാഴ്ച്ച പൊലീസ് കസ്റ്റഡിയിൽ എടുത്ത ആലക്കോട് ചിലവ് കൊച്ചുമറ്റം ഷാജി സെബാസ്റ്റ്യനെ മുട്ടം ജില്ലാ ജയിലിൽ റിമാൻഡ് ചെയ്തു. ഷാജിയുടെ തോക്കിന്റെ ലൈസന്‍സ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം കളകടര്‍ക്ക് അപേക്ഷ നൽകിയിട്ടുമുണ്ട്.

അമ്മയുടെ പരാതിയില്‍ കേസ് എടുക്കില്ല

ഫിലിപ്പിനെ അശോക കവലയിലെ തട്ട് കടയിലും എ കെ ജി കവലയിലും കൂട്ടം ചേർന്ന് മർദിച്ചവർക്ക് എതിരെ കേസ് ആക്രമിച്ചവര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഫിലിപ്പിന്റെ അമ്മ ലിസ്സി പൊലീസിന് നല്‍കിയ പരാതിയില്‍ തല്‍ക്കാലം കേസെടുക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി. കോടതി നിര്‍ദ്ദേശിച്ചാല്‍ മാത്രമേ കേസെടുക്കൂ. ഇക്കാര്യത്തില്‍ നിയമോപദേശം തേടിയിരുന്നു. ഫിലിപ്പിന്റെ കുടുംബത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ അന്യായം ഫയല്‍ ചെയ്യാവുന്നതാണ്. ഇതിൽ കോടതി ഉത്തരവുണ്ടായാല്‍ മാത്രമേ കേസെടുക്കാനാകൂ എന്നും അന്വേഷണ സംഘം പറഞ്ഞു. കഴിഞ്ഞ 26 നാണ് അശോക കവലയിലെ തട്ട് കടയിൽ സംഘർഷം ഉണ്ടായത്. ഇതേ തുടർന്ന് പിന്നീട് എ കെ ജി കവലയിലും സംഘർഷവും വെടി വെപ്പും നടന്നത്. വെടിവെപ്പില്‍ ഇടുക്കി കീരിത്തോട് സ്വദേശിയും ബസ് കണ്ടക്ടറുമായ സനല്‍ ബാബു(32)കൊല്ലപ്പെടുകയും ഇയാളുടെ സുഹൃത്ത് മൂലമറ്റം കണ്ണിക്കല്‍ മാളിയേക്കല്‍ പ്രദീപ്കുമാര്‍(32)ന് ഗുരുതരമായ പരിക്കും പറ്റിയിരുന്നു. പ്രദീപ്‌ കുമാർ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്.