കട്ടപ്പന :കിഴക്കൻ മലയാറ്റൂർ എന്നറിയപ്പെടുന്ന എഴുകുംവയൽ കുരിശുമലയിൽ നാല്പതാം വെള്ളി ആചരണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.ഇതുവരെ ഏകദേശം കാൽ ലക്ഷത്തിലധികം വിശ്വാസികൾ മലകയറാൻ എത്തി.നാൽപതാം വെള്ളിയാഴ്ചയായഇന്ന് കാൽ ലക്ഷത്തിലധികം വിശ്വാസികൾ മലകയറും എന്നാണ് സംഘാടകരുടെ
പ്രതീക്ഷ.തീർത്ഥാടകരെ വരവേൽക്കാനായി 501 അംഗ കമ്മിറ്റിയാണ് പ്രവർത്തിച്ചുവരുന്നത്.ഇന്ന് രാവിലെ മലയടിവാരത്തുള്ള ടൗൺ കപ്പേളയിൽ നിന്നും കുരിശുമലയിലേക്കുള്ള പീഡാനുഭവ യാത്രയ്ക്ക് ദേവാലയ സ്ഥാപക ഡയറക്ടർ ഫാ. ജോൺ ആനിക്കാട്ടിൽ നേതൃത്വം നൽകും.വൈകുന്നേരം 4 ന് രൂപതയിലെ കെ.സി.വൈ.എം പ്രവർത്തകർ ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേലിന്റെ നേതൃത്വത്തിൽ കുരിശുമല ചവിട്ടും.ദുഃഖവെള്ളിയാഴ്ച നെടുങ്കണ്ടത്ത് നിന്നും രാവിലെ എട്ട് മണി മുതൽ ഒരു മണിക്കൂർ ഇടവിട്ടും കട്ടപ്പനയിൽ നിന്നും രാവിലെ 7 മണി മുതലും കെ.എസ്.ആർ.ടിസിയും സ്വകാര്യ ബസുകളും എഴുകുംവയലിലേയ്ക്ക് സർവ്വീസ് നടത്തുമെന്ന് വികാരി ഫാദർ ജോർജ് പാടത്തെകുഴി, ഫാ: മാത്യു വിച്ചാട്ട്, കൈക്കാരന്മാരായ ജോയി കൊച്ചടിവാരം, ബെന്നി അറക്കൽ, ബെന്നി തോലാനി, ബെന്നി കൊങ്ങമല, ജനറൽ കൺവീനർ ജോണി പുതിയാപറമ്പിൽ ,മത്തായിച്ചൻ പുളിക്കൽ എന്നിവർ അറിയിച്ചു.