obitpresanth

കട്ടപ്പന: പിതാവിന്റെ ജോലി സ്ഥലത്തെത്തിയ പത്തുവയസുകാരൻ പടുതാകുളത്തിൽ വീണ് മരിച്ചു.മേട്ടുക്കുഴി തൊണ്ണൂറേക്കർ എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന വാഴയ്ക്കൽ സൂര്യയുടെ ഇളയ മകൻ പ്രശാന്ത്(10) ആണ് മുങ്ങിമരിച്ചത്.ബുധനാഴ്ച്ച ഉച്ചയ്ക്കായിരുന്നു അപകടം.സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തിലെ 12 അടിയോളം താഴ്ച്ചയുള്ള പടുതാകുളത്തിലാണ് കുട്ടി വീണത്.പിതാവിനൊപ്പം രാവിലെ തോട്ടത്തിലെത്തിയ പ്രശാന്ത് പടുതാക്കുളത്തിന് സമീപത്താണ് ഇരുന്നത്.ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ മകനെ അന്വേഷിച്ചപ്പോൾ കാണാത്തതിനെ തുടർന്നാണ് പടുതാക്കുളത്തിൽ വീണിട്ടുണ്ടോയെന്ന സംശയമുണ്ടായത്.ഉടനെ കുട്ടിയുടെ പിതാവ് തോട്ടമുടമയെ വിളിച്ചു വരുത്തി മോട്ടോർ ഉപയോഗിച്ച് വെള്ളം വറ്റിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.തുടർന്ന് സമീപവാസികളായ യുവാക്കൾ എത്തിയാണ് വെള്ളത്തിൽ നിന്ന് കുട്ടിയെ പുറത്തെടുത്തത്. പെട്ടെന്ന് തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടു നൽകും.കട്ടപ്പന സെന്റ് ജോർജ് സ്‌കൂളിലെ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിയാണ് .മുനിയമ്മയാണ് മാതാവ്.പ്രിയ, പ്രിയങ്ക എന്നിവർ സഹോദരിമാരാണ്.സംഭവത്തിൽ കട്ടപ്പന പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.