തൊടുപുഴ: യൂത്ത് കോൺഗ്രസ്സ് തൊടുപുഴ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മിനിസിവിൽ സ്റ്റേഷൻ വളപ്പിൽ കെറെയിൽ സർവേക്കല്ലിന്റെ മാതൃക സ്ഥാപിക്കാനുള്ള ശ്രമത്തിനിടെ സംഘർഷം. രാജീവ് ഭവനിൽ നിന്ന് പ്രകടനമായി എത്തിയ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ നഗരസഭക്ക് മുന്നിൽ പൊലീസ് തഞ്ഞു. ഇത് മറികടന്ന് സിവിൽ സ്റ്റേഷനിലേക്ക് പാഞ്ഞ ചില പ്രവർത്തകരെ പൊലീസ് ബലപ്രയോഗത്തിലൂടെ തടഞ്ഞതാണ് സംഘർഷത്തിന് കാരണമായത്. കെ റെയിൽ വേണ്ട കേരളം മതി എന്ന മുദ്രവാക്യം ഉയർത്തിയാണ് യൂത്ത് കോൺഗ്രസ് മിനി സിവിൽ സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയത്. റോഡിൽ സ്ഥാപിച്ച ബാരിക്കേഡിന് മുകളിൽ കയറിയും പ്രവർത്തകർ പ്രതിഷേധിച്ചു. പ്രവർത്തകരെ പിന്നീട് മുതിർന്ന നേതാക്കൾ ഇടപെട്ട് ശാന്തരാക്കിയതോടെ സംഘർഷാവസ്ഥയ്ക്ക് അയവു വന്നു. പ്രതിഷേധ മാർച്ച് കെപിസിസി മുൻ ജനറൽ സെക്രട്ടറി റോയി കെ. പൗലോസ് ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് സി.പി.മാത്യു മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് വി.സി. അനീഷ് അദ്ധ്യക്ഷത വഹിച്ചു. കെഎസ്യു ജില്ലാ പ്രസിഡന്റ് ടോണി തോമസ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ ജാഫർഖാൻ മുഹമ്മദ്, എ.എം. ദേവസ്യ, ഡിസിസി സെക്രട്ടറി എൻ.ഐ ബെന്നി, ബിലാൽ സമദ്, അരുൺ പൂച്ചകുഴി, ആൽബിൻ ഫിലിപ്പ്, വിനയവർദ്ധന ഘോഷ്, എബി മുണ്ടക്കൻ, ഫസൽ സുലൈമാൻ എന്നിവർ പ്രസംഗിച്ചു.