തൊടുപുഴ: ശക്തമായ കാറ്റിലും മഴയിലും അറക്കുളം, വെള്ളിയാമറ്റം, മുട്ടം, കുടയത്തൂർ പഞ്ചായത്ത് പ്രദേശങ്ങളിൽ വ്യാപക നാശനഷ്ടം. ഇന്നലെ ഉച്ചയ്ക്ക് ശേഷം മൂന്നു മണിയോടെയാണ് ശക്തമായ കാറ്റും മഴയുമുണ്ടായത്. വെള്ളിയാമറ്റം പഞ്ചായത്തിലെ 7, 8, 9 വാർഡുകളായ മേത്തൊട്ടി, പൂമാല, കൂവക്കണ്ടം പ്രദേശത്താണ് കൂടുതൽ നാശം ഉണ്ടായത്. ഇവിടെ ശക്തമായ കാറ്റിൽ വൻ മരങ്ങൾ കടപുഴകി വീണു. മേത്തൊട്ടിയിൽ നൂറ് ഇഞ്ച് വലുപ്പമുള്ള ഈട്ടി മരം റോഡിലേയ്ക്ക് വീണു ഏറെനേരം ഗതാഗതം മുടങ്ങി. പൂമാല സ്കൂൾ ജംഗ്ഷനിലുള്ള കരയോഗ കെട്ടിടത്തിനു സമീപമുള്ള ട്രാൻസ്‌ഫോർമറിന്റെ മുകളിലേയ്ക്ക് വൻ മരം കടപ്പുഴകി വീണു. പ്രദേശത്ത് നിരവധി വൈദ്യുതി പോസ്റ്റുകളും പൂർണമായും തകർന്നിട്ടുണ്ട്. മരം വീണ് മേത്തൊട്ടി കൊട്ടാരത്തിൽ ഉണ്ണിയുടെ വീടിന്റെ അടുക്കള പൂർണ്ണമായും തകർന്നു. നിരവധി വീടുകൾക്ക് ഭാഗികമായി കേടുപാടുകൾ ഉണ്ട്. മരങ്ങൾ റോഡിലേയ്ക്ക് വീണ് ഈ ഭാഗത്തേയ്ക്കുള്ള ഗതാഗതം പൂർണ്ണമായും നിലച്ചു. നിരവധി സ്ഥലങ്ങളിൽ വൈദ്യുതി പോസ്റ്റുകൾക്ക് നാശ നഷ്ടം സംഭവിച്ചിട്ടുണ്ട്. തൊടുപുഴയിൽ നിന്നും മൂലമറ്റത്തു നിന്നും ഫയർ ഫോഴ്‌സിന്റെ രണ്ട് യൂണിറ്റ് എത്തിയാണ് മരങ്ങൾ വെട്ടി മാറ്റിയത്. വെള്ളിയാമറ്റം ഗ്രാമ പഞ്ചായത്ത് ആരോഗ്യകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ മോഹൻദാസ് പുതുശ്ശേരി, പഞ്ചായത്ത് അംഗം അഭിലാഷ് രാജൻ, തൊടുപുഴയിൽ നിന്നും ഗ്രേഡ് സ്റ്റേഷൻ ഓഫീസർ ജാഫർഖാൻ കെ എ, സീരിയൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ അനൂപ് പി എൻ , ബിബിൻ എ.തങ്കപ്പൻ , അയൂബ് എം എൻ, രഞ്ജി കൃഷ്ണൻ , അഭിലാഷ് ഡി, മൂലമറ്റത്തുനിന്നും എ എസ് ടി ഒ അബ്ദുൽ അസ്സീസ്, ബിജു സുരേഷ് എന്നിവർ രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകി.
അറക്കുളം പമ്പിന് സമീപം തൊടുപുഴ- പുളിയൻമല റോഡിലേക്ക് മരം ഒടിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടു. കുരുതിക്കുളത്തിന് സമീപവും റോഡിൽ മരം ഒടിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടു. മുട്ടം പെരുമറ്റം കനലിന് സമീപം റബർ മരത്തിന്റെ ശിഖരം റോഡിലേക്ക് ഒടിഞ്ഞു വീണു. പെരുമറ്റം - തെക്കും ഭാഗം റൂട്ടിൽ റബർ മരം വൈദ്യുതി കമ്പിയിലേക്ക് വീണു.