മൂന്നാർ: ടൗണിന്റെ പ്രധാന ഭാഗത്തുള്ള പാപ്പുകുഞ്ഞിന്റെ പച്ചക്കറി കട ഏഴാം തവണയും കാട്ടാന തകർത്തു. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടു മണിയോടെ എത്തിയ കാട്ടാന കട കുത്തിത്തുറന്ന് അകത്തുണ്ടായിരുന്ന പഴങ്ങളും പച്ചക്കറികളും അകത്താക്കി. ടൗണിലുണ്ടായിരുന്നവർ സ്ഥലത്തെത്തിയെങ്കിലും ഏറെ നേരം അവിടെ തന്നെ തുടർന്ന കാട്ടാന വിവരമറിഞ്ഞ് കൂടുതൽ പേരെത്തി പടക്കം പൊട്ടിച്ചതോടെയാണ് അവിടെ നിന്ന് പിൻവാങ്ങാൻ കൂട്ടാക്കിയത്. ലോക്ക് ഡൗൺ സമയത്ത് മൂന്നാർ ടൗണിൽ രാത്രികാലങ്ങളിലെത്തിയ കാട്ടാന കടകൾ ആക്രമിക്കുന്നത് പതിവായിരുന്നു. മൂന്നാർ ടൗണിനോടു ചേർന്നുള്ള പച്ചക്കറി മാർക്കറ്റിൽ എത്തി രണ്ടു തവണ കടകൾ തകർത്ത കാട്ടാനകൾ പോസ്റ്റ് ഓഫീസ് ജംഗ്ഷനിലെ കട നാലു തവണയാണ് തകർത്തത്. ആനകൾക്ക് ഏറെ ഇഷ്ടപ്പെട്ട ക്യാരറ്റും പഴങ്ങളുമെല്ലാമുള്ള കടകളാണ് ലക്ഷ്യമിടുന്നത്. കൃത്യമായ ഇടവേളകളിൽ എത്തുന്ന കാട്ടാനകളുടെ ആക്രമണത്തിൽ കച്ചവടക്കാർക്ക് വലിയ നഷ്ടമാണ് ഉണ്ടാകുന്നത്. കാട്ടാനകളുടെ സാന്നിധ്യം മൂന്നാർ ടൗണിൽ പതിവായിട്ടും വനം വകുപ്പിന്റെ പക്കൽ നിന്ന് നടപടികൾ ഉണ്ടാകാത്തത് വ്യാപാരികളുടെ പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്.