തൊടുപുഴ: ഏറെനാൾ കാത്തിരുന്ന തൊടുപുഴ കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കം ഷോപ്പിംഗ് കോംപ്ലക്‌സിന്റെ ഉദ്ഘാടനം നാളെ നടക്കും. വൈകിട്ട് നാലിന് ഗതാഗത മന്ത്രി ആന്റണി രാജു ഉദ്ഘാടനം നിർവഹിക്കും. പി.ജെ. ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എം.പി മുഖ്യാതിഥിയായിരിക്കും. 18 കോടി രൂപയോളം ചെലവഴിച്ചാണ് പുതിയ ഡിപ്പോ നിർമാണം പൂർത്തിയാക്കിയത്.
2013 ജനുവരി പത്തിനാണ് മൂപ്പിൽകടവ് പാലത്തിനു സമീപം കോടികൾ മുടക്കി ആധുനിക രീതിയിലുള്ള കെ.എസ്.ആർ.ടി.സി ഡിപ്പോ കം ഷോപ്പിംഗ് കോംപ്ലക്‌സ് നിർമാണം ആരംഭിച്ചത്. നിർമ്മാണത്തിന് 14.5 കോടി രൂപയാണ് ആദ്യം അനുവദിച്ചത്. പിന്നീട് എം.എൽ.എ ഫണ്ടിൽ നിന്ന് ഒരു കോടി രൂപ കൂടി അനുവദിച്ചു. ഇപ്പോൾ രണ്ടു കോടി കൂടി അനുവദിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്. ഡി.ടി.ഒ ഓഫീസ്, ബസുകൾ പാർക്ക് ചെയ്യുന്നതിനുള്ള വിശാലമായ സ്ഥലം, വർക്ക് ഷോപ്പ്, വാഹനങ്ങൾ കഴുകുന്നതിനുള്ള സൗകര്യം, പൊതുജനങ്ങൾക്ക് നിൽക്കാനുള്ള സൗകര്യം, കടമുറികൾ തുടങ്ങിയവയുടെ നിർമ്മാണം പൂർത്തിയാക്കിയിട്ടുണ്ട്. ഗതാഗത മന്ത്രി ആന്റണി രാജുവുമായി പി.ജെ. ജോസഫ് എം.എൽ.എ ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നിർമ്മാണം പൂർത്തിയാക്കാനായത്.
കൂടുതൽ സർവ്വീസുണ്ടാകും
കെ.എസ്.ആർ.ടി ഡിപ്പോയിൽ നിന്ന് ഇപ്പോൾ അറുപതോളം സർവ്വീസുകളാണുള്ളത്. പുതിയ സ്റ്റേഷൻ ഉദ്ഘാടനം ചെയ്യുന്നതോടെ മുടങ്ങിക്കിടക്കുന്നതടക്കം കൂടുതൽ സർവ്വീസുകൾ നടക്കുമെന്നാണ് പ്രതീക്ഷ.
ലോറി സ്റ്റാൻഡിൽ നിന്ന് മോചനം
മുനിസിപ്പൽ ലോറി സ്റ്റാൻഡിലാണ് വർഷങ്ങളായി തൊടുപുഴ ഡിപ്പോ പ്രവർത്തിക്കുന്നത്. സ്ഥലപരിമിതിയും ഓഫീസ് ഉൾപ്പടെയുള്ളവ ഷീറ്റിട്ട ഷെഡിലുമായി ഒരു ബസ് സ്റ്റേഷന് ഒട്ടും അനുയോജ്യമല്ലാത്ത അവസ്ഥയിലായിരുന്നു ഇതുവരെ പ്രവർത്തനങ്ങൾ കൊണ്ടുപോയത്. ഒറ്റ മഴ പെയ്താൽ പിന്നെ ബസ് സ്റ്റേഷൻ ആകെ ചെളിക്കുളമാകും. യാത്രക്കാർക്ക് വിശ്രമിക്കാൻ പോയിട്ട് മഴയും വെയിലും ഏൽക്കാതെ ബസ് കാത്ത് നിൽക്കാൻ പോലും ഇവിടെ സൗകര്യം ഉണ്ടായിരുന്നില്ല.