തൊടുപുഴ: ജൈവവൈവിധ്യ ബോർഡിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജില്ലാ തല വിത്തുത്സവം കളക്ടർ ഷീബാ ജോർജ്ജ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സർക്കാരിന്റെ റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായി ജൈവവൈവിധ്യ ബോർഡ് നടപ്പിലാക്കുന്ന കാർഷിക ജൈവവൈവിധ്യ സംരക്ഷണ പദ്ധതിയോടനുബന്ധിച്ച് കാർഷിക പാരമ്പര്യം വരും തലമുറക്ക് പകരുക എന്ന ലക്ഷ്യത്തോടെയാണ് വിത്തുത്സവം സംഘടിപ്പിച്ചത്. ചടങ്ങിനോടനുബന്ധിച്ച് തനത് വിത്തിനങ്ങളുടെ പ്രദർശനം, തനതിനങ്ങളുടെ സംരക്ഷക കർഷകരെ ആദരിക്കൽ, വിത്ത് കൈമാറ്റം, കാർഷിക ജൈവവൈവിധ്യ സെമിനാർ, പരമ്പരാഗത ഗോത്ര കലാവിരുന്ന് എന്നിവയും സംഘടിപ്പിച്ചിരുന്നു. കാർഷിക ജൈവവൈവിധ്യ സംരക്ഷണ പദ്ധതിയോടനുബന്ധിച്ച് ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 20 കർഷകർക്ക് 50,000 രൂപ വീതവും 80 കർഷകർക്ക് 5000 രൂപ വീതവും നേരത്തെ കൈമാറിയിരുന്നു.
നഗരസഭാ ചെയർമാൻ സനീഷ് ജോർജ്ജ് ചടങ്ങിൽ അദ്ധ്യക്ഷനായി. സംസ്ഥാന ജൈവവൈവിധ്യ ബോർഡംഗം ഡോ. കെ. സതീഷ് കുമാർ, ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം. ലതീഷ് എന്നിവർ സംസാരിച്ചു. സംസ്ഥാന ജൈവവൈവിധ്യ ബോർഡംഗം കെ.വി. ഗോവിന്ദൻ സ്വാഗതവും ജില്ലാ കോ.ഓർഡിനേറ്റർ വി.എസ്. അശ്വതി നന്ദിയും പറഞ്ഞു. ഡോ. സി.കെ. പീതാംബരൻ, ഡോ. സി.കെ. ഷാജു, ഡോ. ടി.എ. സുരേഷ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ് നയിച്ചു. ചടങ്ങിനോടനുബന്ധിച്ച് ഫാം സ്‌കൂൾ കർഷകരുടെ അനുഭവം പങ്കുവയ്ക്കലും നടത്തി.