നെടുങ്കണ്ടം: നെടുങ്കണ്ടത്ത് പൊലീസ് ഉദ്യോഗസ്ഥന്റെ കാറിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ഗുരുതരമായി പരിക്കേറ്റു. നെടുങ്കണ്ടം മുല്ലശ്ശേരിൽ ജിൻസ് മാത്യൂ(23)വിനാണ് പരിക്കേറ്റത്. തുടയെല്ല് ഒടിഞ്ഞ യുവാവിനെ കല്ലാറിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ചൊവ്വാഴ്ച രാത്രി 7.30 ഓടെ നെടുങ്കണ്ടം പ്രൈവറ്റ് ബസ് സ്റ്റാന്റിന് മുമ്പിൽ കുമളി - മൂന്നാർ സംസ്ഥാന പാതയിലാണ് അപകടം നടന്നത്. നെടുങ്കണ്ടത്തെ സ്വകാര്യ കൊറിയർ സ്ഥാപനത്തിലെ സൂപ്പർ വൈസറാണ് ജിൻസ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ ഓഫീസിൽ നിന്നും ഇറങ്ങിയതായിരുന്നു ജിൻസ്. സുഹൃത്തായ ജേക്കബും ബൈക്കിലുണ്ടായിരുന്നു. ഏകദേശം 100 മീറ്റർ യാത്ര ചെയ്തപ്പോഴാണ് കാർ ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് ഇടിച്ചുകയറിയത്. കാർ അമിത വേഗതയിലായിരുന്നെന്ന് ജിൻസ് പറഞ്ഞു. അപകടത്തിൽ ജക്കബിനും പരിക്കേറ്റിട്ടുണ്ട്. സംഭവസ്ഥലത്തുണ്ടായിരുന്ന നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ കാർ ഓടിച്ച രാജാക്കാട് പൊലീസ് സ്റ്റേഷനിലെ സി.പി.ഒയെ നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്തു സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.