ഇടുക്കി: കെട്ടിടനിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡിലേക്ക് തൊഴിൽ വകുപ്പ് മുഖേന അടയ്‌ക്കേണ്ട ബിൽഡിംഗ് സെസ്സിന്റെ കുടിശ്ശിക തുക പിരിച്ചെടുക്കുന്നതിനുള്ള സെസ്സ് തുകമേയ് 31 വരെയുള്ള അദാലത്ത് കാലയളവിൽ അടയ്ക്കാം. 1996 മുതൽ നിർമാണം പൂർത്തിയാക്കിയ 10 ലക്ഷം രൂപയ്ക്ക് മുകളിൽ നിർമാണചെലവുള്ള എല്ലാ വീടുകൾക്കും എല്ലാ വാണിജ്യ കെട്ടിടങ്ങൾക്കും നിർമാണ ചെലവിന്റെ ഒരു ശതമാനം സെസ്സ് അടയ്ക്കണം. അസസ്സിംഗ് ഓഫീസർമാർ പ്രാഥമിക നോട്ടീസ്, അസസ്സ്‌മെന്റ് നോട്ടീസ്, അന്തിമ ഉത്തരവ്, കാരണം കാണിക്കൽ നോട്ടിസ്, റവന്യൂ റിക്കവറി എന്നീ ഘട്ടങ്ങളിൽ കുടിശ്ശികയുള്ള എല്ലാ ഫയലുകളും അദാലത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കെട്ടിട ഉടമകൾ ഫോറം ഒന്ന് പ്രകാരമുള്ള സത്യവാങ്മൂലം റവന്യൂ വകുപ്പിൽ നിന്നുള്ള ഒറ്റ തവണ നികുതി നോട്ടീസ്, ഒക്കുപൻസി സർട്ടിഫിക്കറ്റ്, ആദ്യമായി കെട്ടിട നികുതി അടച്ച രസീത്, കംപ്ലീഷൻ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. ഗാർഹിക കെട്ടിടങ്ങൾക്ക് പലിശ പൂർണ്ണമായി ഒഴിവാക്കും. വാണിജ്യ കെട്ടിടങ്ങൾക്ക് പലിശയിൽ 50 ശതമാനം ഇളവ് ലഭിക്കും. അദാലത്ത് കാലയളവിൽ സെസ്സ് തുക പൂർണ്ണമായും അടയ്ക്കുന്നവർക്കാണ് ആനുകൂല്യം ലഭിക്കുക.