നെടുങ്കണ്ടം : യൂണിയൻ ബാങ്കിന്റെ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രം നെടുങ്കണ്ടത്ത് നിന്ന് മാറ്റാൻ ശ്രമം നടക്കുന്നതായി ആരോപണം. പരിശീലന കേന്ദ്രം നെടുങ്കണ്ടത്ത് നിന്നും താന്നിക്കണ്ടത്തേക്ക് മാറ്റാനുള്ള ശ്രമം നടത്തുന്നത്. വാഹന സൗകര്യം ഇല്ലാത്ത പ്രദേശത്തേക്ക് അരമണിക്കൂറോളം ഓട്ടോറിക്ഷയിൽ സഞ്ചരിച്ചാൽ മാത്രമാണ് പരിശീലനകേന്ദ്രം ആരംഭിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തു എത്തിച്ചേരാൻ സാധിക്കു. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് സൗജന്യമായി നൽകുന്ന കെട്ടിടത്തിലാണ് പരിശീലന കേന്ദ്രം പ്രവർത്തിക്കുന്നത്. താന്നിക്കണ്ടത്ത് ഇരുപത്തിനാലായിരം രൂപയോളം വാടകയിനത്തിൽ നൽകേണ്ടതായി വരുന്നു. തൊഴിൽ പരിശീലന കേന്ദ്രം നിർമ്മിക്കുന്നതിനു വേണ്ടി അൻപത് ലക്ഷം രൂപ വകയിരുത്തി യൂണിയൻ ബാങ്ക് ശാഖയിൽ നിക്ഷേപിച്ചിട്ടുമുണ്ട്.ഇക്കാര്യങ്ങൾ അറിഞ്ഞുകൊണ്ടാണ് താന്നി കണ്ടത്തേയ്ക്ക് പരിശീലന കേന്ദ്രം മാറ്റാനുള്ള ശ്രമങ്ങൾ നടക്കുന്നത്. ഈ നീക്കത്തിനെതിരെ കോടിമതയിലെ റിജിയണൽ യൂണിയൻ ബാങ്ക് മാനേജർക്ക് പൊതുപ്രവർത്തകർ പരാതി നൽകി. ദാരിദ്രനിർമ്മാർജ്ജനത്തിന്റെ ഭാഗമായി കേന്ദ്രഗവൺമെന്റിന്റെ ഗ്രാമവികസന മന്ത്രാലയത്തിന്റെ കീഴിൽ ജനങ്ങൾക്ക് സ്വയംതൊഴിൽ കണ്ടെത്തുന്നതിനുള്ള സ്വയംതൊഴിൽ പരിശീലനമാണ് ഇവിടെനിന്നും ലഭിക്കുന്നത്. ജില്ലയ്ക്കായി അനുവദിച്ച പരിശീലന കേന്ദ്രം 2008ലാണ് നെടുങ്കണ്ടത്ത് ആരംഭിച്ചത്. പ്രവർത്തനം ആരംഭിച്ചതിന് ശേഷം പലവട്ടം നെടുങ്കണ്ടത്ത് നിന്നും ഈ സ്ഥാപനം മാറ്റി സ്ഥാപിക്കാനുള്ള ശ്രമം നടന്നു. സ്ഥലം എം.എൽ.എ എം.എം മണി വിഷയത്തിൽ ഇടപെട്ടുവെങ്കിലും ചില ഉദ്യോഗസ്ഥരുടെ നീക്കമാണ് വീണ്ടും പരിശീലനകേന്ദ്രം താന്നി ക്കണ്ടത്തെ കെട്ടിടത്തിലേക്ക് മാറ്റാനുള്ള ശ്രമം നടക്കുന്നത് .