kpn
പാർക്കിംഗിനായി നഗരസഭ കട്ടപ്പന പഴയ ബസ് സ്റ്റാൻഡിൽ സ്ഥാപിച്ച ഇരുമ്പ് ദണ്ഡുകൾ വ്യാപാരികൾ പിഴുതുമാറ്റുന്നു.

• പഴയ ബസ് സ്റ്റാൻഡ് പേ ആൻഡ് പാർക്കിംഗിനായി വിട്ടുനൽകില്ലെന്ന് ബസ് സ്റ്റാൻഡ് സംരക്ഷണ സമിതി

കട്ടപ്പന : വാഹന പാർക്കിംഗിനായി നഗരസഭ ലേലം ചെയ്ത് നൽകിയ പഴയ ബസ് സ്റ്റാൻഡിൽ സ്ഥാപിച്ച ഇരുമ്പ് ദണ്ഡുകൾ വ്യാപാരികൾ പിഴുതുമാറ്റി.വ്യാഴാഴ്ച്ച വൈകിട്ട് നാലോടെയാണ് പഴയ സ്റ്റാൻഡിനുള്ളിലെ വ്യാപാരികളും സി ഐ റ്റി യു നേതാക്കളുമെത്തി പേ ആൻഡ് പാർക്കിംഗിനായി നഗരസഭ അളന്ന് തിട്ടപ്പെടുത്തി സ്ഥാപിച്ച ഇരുമ്പ് ദണ്ഡുകൾ പറിച്ച് മാറ്റിയത്.ബസ് സ്റ്റാൻഡിലുള്ള കച്ചവടക്കാരുടെ അഭിപ്രായം കേൾക്കാതെ ഏകപക്ഷീയമായിട്ടാണ് നഗരസഭ ഭരണ സമിതി ബസ് സ്റ്റാൻഡ് ലേലത്തിൽ നൽകിയതെന്നാണ് പ്രധാന ആക്ഷേപം.ബുധനാഴ്ച്ച രാത്രിയിലാണ് നഗരസഭ ജീവനക്കാർ പൊലീസ് സംരക്ഷണത്തിൽ പാർക്കിംഗിനായി ഇരുമ്പ് ദണ്ഡുകൾ സ്ഥാപിച്ചത്.പതിറ്റാണ്ടുകളായി ബസ് സ്റ്റാൻഡായി പ്രവർത്തിച്ചിരുന്ന ഗ്രൗണ്ട് പണം ഈടാക്കിയുള്ള വാഹന പാർക്കിംഗായി മാറ്റരുതെന്ന് ആവശ്യപ്പെട്ട് ബസ് സ്റ്റാൻഡ് സംരക്ഷണ സമിതിയും രംഗത്ത് എത്തിയിരുന്നു.സ്റ്റാൻഡിനുള്ളിലെ വ്യാപാരികളുടെ ഇപ്പോഴത്തെ കച്ചവടത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് ഇവർ ഉന്നയിക്കുന്ന ആശങ്ക.വ്യാപാരികൾക്ക് സി ഐ റ്റി യു പിന്തുണയും നൽകിയിട്ടുണ്ട്.എന്നാൽ ഈ എതിർപ്പുകൾ എല്ലാം മറികടന്നാണ് നഗരസഭ ലേലവുമായി മുൻപോട്ട് പോയത് 2.9 ലക്ഷത്തിനാണ് കാരാറുകാരൻ ലേലത്തിൽ വാങ്ങിയത്. എന്നാൽ പറഞ്ഞ സമയത്ത് ബസ് സ്റ്റാൻഡ് വിട്ടു നൽകാതെ വന്നതോടെ കരാറുകാരൻ പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു.തുടർന്ന് കഴിഞ്ഞ ദിവസം നടന്ന കൗൺസിൽ യോഗത്തിലാണ് ബസ് സ്റ്റാൻഡ് ഉടനെ അളന്ന് തിട്ടപ്പെടുത്തി കരാറുകാരന് കൈമാറുവാൻ തീരുമാനിച്ചത്.

കഴിഞ്ഞ ഭരണകാലത്ത് പഴയ സ്റ്റാൻഡ് പേ ആൻഡ് പാർക്കിംഗിനായി നൽകണമെന്ന അഭിപ്രായം തള്ളിയ യു ഡി എഫ് ഇപ്പോൾ നിലപാട് മാറ്റിയത് ഉചിതമല്ലെന്ന് മുൻ എൽ ഡി എഫ് കൗൺസിലർ കെ. പി സുമോദ്.ടൗൺ വികസിക്കുമ്പോൾ രണ്ടാമത് ഒരു സ്വകാര്യ ബസ്റ്റാൻഡ് എന്ന സാദ്ധ്യത മുന്നിൽക്കണ്ട് പഴയ ബസ് സ്റ്റാൻഡ് നിലനിർത്തണം. പൊതുവായ പ്രശ്നങ്ങൾ സർവ്വകക്ഷി യോഗം വിളിച്ച് പരിഹരിക്കണമെന്നും കെ. പി സുമോദ് ആവശ്യപ്പെട്ടു.