കുമളി: കുമളി അഞ്ചാംമൈൽ അമ്പലത്തിൽ വീട്ടിൽ പ്രിൻസ് തോമസിന്റെ കാൽ തല്ലിയൊടിച്ച സംഭവത്തിൽ ഒന്നര വർഷത്തിന് ശേഷം പ്രതികൾ പിടിയിലായി. ചക്കുപള്ളം മേനോൻമേട് കോട്ടയ്ക്കൽ കെ.സി. സൈമൺ, ഒട്ടകത്തലമേട് പാറയ്ക്കൽ കിരൺ, കുങ്കിരിപ്പെട്ടി വരയന്നൂർ ലൈജു, മാരുതിപ്പടി ഭാഗത്ത് കരിമാലൂർ വീട്ടിൽ അരുൺ പ്രകാശ് എന്നിവരാണ് അറസ്റ്റിലായത്. 2020 ഒക്ടോബർ 24 നായിരുന്നു കേസിനാസ്പദമായ സംഭവം. അണക്കരയിൽ നിന്ന് അഞ്ചാംമൈലിൽ ബസിൽ വന്നിറങ്ങിയ പ്രിൻസിനെ അവിടെ കാത്തു നിന്നിരുന്ന സംഘം ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സൈമണിന്റെ സഹോദരനെ പ്രിൻസ് മർദിച്ചതു സംബന്ധിച്ച വൈരാഗ്യമാണ് ഇതിന് പിന്നിലുണ്ടായിരുന്ന കാരണം. സൈമൺ മറ്റൊരാളുടെ പേരിലെടുത്ത സിം കാർഡ് ഉപയോഗിച്ചാണ് മറ്റുള്ളവരുമായി ബന്ധപ്പെട്ടിരുന്നത്. സംഭവത്തിന് ശേഷം ഈ സിം കാർഡ് നശിപ്പിക്കുകയും ഫോൺ വിൽക്കുകയും ചെയ്തു. ഈ ഫോണിന്റെ വിവരങ്ങൾ ശേഖരിച്ചാണ് പൊലീസ് പ്രതികളെ കുടുക്കിയത്. പ്രിൻസിനെ മർദ്ദിക്കാൻ പ്രതികൾക്ക് സൈമൺ കൊട്ടേഷൻ നല്കിയതാണന്ന് പോലീസിനു മൊഴി നല്കി. പ്രതികൾ ഉപയോഗിച്ചിരുന്ന വാഹനങ്ങളും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഡിവൈഎസ് പി സനൽ കുമാറിന്റെ നേതൃത്വത്തിലുള്ള സ്‌പെഷൽ ടീമും കുമളി എസ്എച്ച്ഒ ജോബിൻ ആന്റണി, എസ്.ഐ സന്തോഷ് സജീവ് ,സ്‌കോഡ അംഗങ്ങളായ സിയാദ്, ജോജി, കുമളി എസ് സി.പി. ഓ മുഹമദ് ഷാ, സി പി.ഒ.മാരായ സലീൽ രവി, സിജോ, രമേഷ് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.