തൊടുപുഴ: മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട കേരളത്തിന്റെ ആശങ്കകൾ മുഖ്യവിഷയമായി പരിഗണിക്കപ്പെട്ടുവെന്നതാണ് സുപ്രീം കോടതി വിധിയിലെ ആശ്വാസമെന്ന് കേസിൽ പൊതുതാത്പര്യ ഹർജി നൽകിയിരുന്ന ഡീൻ കുര്യാക്കോസ് എം.പി. 2021ൽ പാർലമെന്റ് പാസാക്കിയ ഡാം സുരക്ഷാ നിയമത്തിന്റെ പരിധിയിൽ വരുന്ന ഒരു പ്രശ്‌നമാണ് മുല്ലപ്പെരിയാർ സുരക്ഷാ വിഷയം എന്ന വിധി പരാമർശം ആശ്വാസകരമാണ്. ഈ നിയമത്തിന്റെ പരിധിയിലേക്ക് വരുന്നത് വരെ മേൽനോട്ട സമിതിയെ ശാക്തീകരിക്കുന്നതിനാണ് തീരുമാനം. നേരത്തേ മേൽനോട്ട സമിതിയുടെ പരിധിയിൽ ഉണ്ടായിരുന്ന അധികാരങ്ങൾക്ക് പുറമേ, ഡാം സേഫ്‌റ്റി ബില്ലിലൂടെ യാഥാർത്ഥ്യമാകേണ്ടതായ എല്ലാ അവകാശങ്ങളുമാണ് മേൽനോട്ട സമിതിക്ക് ഇപ്പോൾ ലഭ്യമായിരിക്കുന്നത്. ഇതു വഴി ശാസ്ത്രീയമായി ഡാമിന്റെ ദുർബലാവസ്ഥയെ പരിശോധനയിലൂടെ തെളിയിക്കപ്പെടാനുള്ള അവസരമുണ്ടാകും. ഡാമിന്റെ പൂർണമായ നിയന്ത്രണം ഡാം സേഫ്‌റ്റി അതോറിട്ടിക്ക് ലഭിക്കുന്നതിന് സമാനമായ അവകാശമാണ് മേൽനോട്ട സമിതിക്ക് ഇപ്പോൾ കിട്ടിയത്. ഇതു വഴി ഡാമിന്റെ ഷട്ടറുകൾ തുറക്കുന്നതിൽ തമിഴ്‌നാട് വച്ചു പുലർത്തിയ നിരുത്തരവാദപരമായ സമീപനം ഒഴിവാക്കപ്പെടുമെന്ന് കരുതാവുന്നതാണെന്നും എം.പി പറഞ്ഞു. കേസിൽ കക്ഷിചേരുക വഴിയായി ജനങ്ങളുടെ സുരക്ഷ മുഖ്യ വിഷയമായി ഉന്നയിക്കാൻ സാധിച്ചത് നേട്ടമായി. തീരപ്രദേശത്തെ ജനങ്ങളുടെ വിഷയങ്ങൾ സമിതിയുടെ പരിഗണനക്കു കൊണ്ടുവരാൻ കഴിഞ്ഞതും ഡാമിന്റെ ഉടമസ്ഥാവകാശം കേരളത്തിനു തന്നെ സ്ഥാപിച്ചു കിട്ടുന്നതിനായി വാദമുഖങ്ങൾ ഉയർത്താൻ കഴിഞ്ഞതും നേട്ടമായെന്നും ഡീൻ പറഞ്ഞു. സുപ്രീംകോടതി അഭിഭാഷകരായ മനോജ് ജോർജും സുൾഫിക്കർ അലിയുമാണ് കേസിൽ ഹാജരായത്.