നെടുങ്കണ്ടം : അല്ലിയാർ ക്ഷേത്രത്തിന്റെ കാണിക്ക വഞ്ചിയും താഴികക്കുടവും തകർത്ത മദ്യപാനിയെ കമ്പംമെട്ട് പൊലീസ് പിടികൂടി. അല്ലിയാർ ശ്രീധർമ്മശാസ്ത്ര ക്ഷേത്രത്തിൽ ഇന്നലെ രാവിലെ 11.30 ഓടെയാണ് സംഭവം. ക്ഷേത്രത്തിന്റെ സമീപവാസിയായ കിഴക്കേപ്പറമ്പിൽ സുരേന്ദ്രൻ (62)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ : ക്ഷേത്ര ഭാരവാഹികളുടെ പരാതിയെ തുടർന്ന് കമ്പംമെട്ട് എസ്ഐയുടെ നേതൃത്വത്തിൽ അല്ലിയാർ ക്ഷേത്രത്തിൽ എത്തുകയായിരുന്നു. ഈ സമയം സുരേന്ദ്രൻ മദ്യലഹരിയിൽ തകർത്ത താഴികകുടവും കൈയിലേന്തി കാണിക്കുന്ന വഞ്ചി ചവിട്ടി മറിക്കുന്നതും പൊലീസ് കാണുന്നത്. ബഹളമുണ്ടാക്കികൊണ്ടിരുന്ന സുരേന്ദ്രന്റെ പേരിൽ പൊലീസ് കേസെടുത്തു.ക്ഷേത്ര പ്രസിഡന്റ് ഒ.പി.മോഹനൻ സ്റ്റേഷനിൽ പരാതിപ്പെട്ടു. സുരേന്ദ്രൻ കഴിഞ്ഞ രണ്ട് ദിവസമായി വൈകിട്ട് അമ്പലത്തിനോട് ചേർന്നുള്ള റോഡിൽ നിന്നും ക്ഷേത്ര പൂജാരിയേയും മറ്റും അസഭ്യം പറഞ്ഞിരുന്നു. ഇന്നലെ വാക്കത്തിയുമായി അമ്പലമുറ്റത്തെത്തിയ സുരേന്ദ്രൻ അസഭ്യം വിളിക്കുകയും താഴികക്കുടവും കാണിക്കയും തകർക്കുകയുമായിരുന്നുവെന്ന് ക്ഷേത്രം പ്രസിഡന്റ് തന്റെ പരാതിയിൽ പറഞ്ഞു. സുരേന്ദ്രനെ കോടതിയിൽ ഹാജരാക്കി.