ഡിപ്പോ പൂർണ സജ്ജമാകാൻ ഒരു മാസമെടുക്കും
തൊടുപുഴ: ഒരു പതിറ്റാണ്ടോളമുള്ള തൊടുപുഴ നിവാസികളുടെ യാത്ര ക്ലേശത്തിനാണ് തൊടുപുഴ കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കം ഷോപ്പിംഗ് കോംപ്ലക്‌സിന്റെ ഉദ്ഘാടനത്തോടെ പരിഹാരമാകുന്നത്.
തൊടുപുഴ- ഇടുക്കി റൂട്ടിൽ മൂപ്പിൽകടവ് പാലത്തിനു സമീപമാണ് ആധുനിക രീതിയിലുള്ള കെ.എസ്.ആർ.ടി.സി ടെർമിനൽ കം ഷോപ്പിംഗ് കോംപ്ലക്‌സ് നിർമ്മിച്ചിരിക്കുന്നത്. ഇവിടെ ഡിപ്പോ പൂർണ സജ്ജമാകാൻ ഒരു മാസമെടുക്കുമെങ്കിലും ഇന്ന് മുതൽ പുതിയ ടെർമിനലിൽ കയറിയാകും ബസുകളെല്ലാം സർവീസ് നടത്തുക. ആഫീസിലെയും ഗ്യാരേജിലെയും സാധനങ്ങൾ പുതിയ ടെർമിനലിലേക്ക് മാറ്റണം. ഫോൺ- ഇന്റർനെറ്റ് കണക്ഷനുകൾ ശരിയാക്കണം. അതുവരെ നിലവിലെ ലോറി സ്റ്റാൻഡിൽ നിന്ന് തന്നെയാകും സർവീസുകൾ ഓപ്പറേറ്റ് ചെയ്യുക. എങ്കിലും പുതിയ ടെർമിനലിലെത്തുന്ന യാത്രക്കാർ ബസ് കിട്ടാത്ത സാഹചര്യമുണ്ടാകില്ലെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു.
2013 ജനുവരി പത്തിനാണ് തൊടുപുഴയിൽ പുതിയ കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കം ഷോപ്പിംഗ് കോംപ്ലക്‌സ് നിർമാണം ആരംഭിച്ചത്. സർക്കാർ ഏജൻസിയായ കിറ്റ്‌കോയുടെ മേൽനോട്ടത്തിൽ മൂവാറ്റുപുഴയിലെ കൺസ്ട്രക്ഷൻ കമ്പനിക്കായിരുന്നു നിർമാണച്ചുമതല. ആദ്യ ഘട്ടത്തിൽ 12.5 കോടി കണക്കാക്കിയ നിർമാണച്ചെലവ് പിന്നീട് 18 കോടി വരെയായി ഉയർന്നെങ്കിലും നിർമ്മാണം പൂർത്തിയാക്കാനായില്ല. കഴിഞ്ഞ ഒരു വർഷത്തിനിടെ അനുവദിച്ച ഫണ്ട് ഉൾപ്പെടെ 22.66 കോടി രൂപ മുടക്കിയാണ് നിലവിൽ നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്. ഇതിൽ ഒരു കോടി രൂപ എം.എൽ.എ ഫണ്ടും ഉൾപ്പെടും.
നിലവിൽ നഗരസഭാ വക ലോറി സ്റ്റാൻഡിലാണ് താത്കാലിക സ്റ്റാൻഡ് പ്രവർത്തിക്കുന്നത്. കെട്ടിട നിർമ്മാണം നടത്തേണ്ടതിനാൽ ഇവിടെ നിന്നും ഒഴിയണമെന്ന് ആവശ്യപ്പെട്ട് നഗരസഭ നിരവധി തവണ കെ.എസ്.ആർ.ടി.സിയ്ക്ക് കത്ത് നൽകിയിരുന്നു.
ഒരു സമയം 40 ബസുകൾ
ഒരേ സമയം 40 ബസുകൾ പാർക്ക് ചെയ്യാനും പത്ത് ബസുകൾക്ക് യാത്രക്കാരെ കയറ്റി ഇറക്കി പോകാനുമുള്ള സൗകര്യവും പുതിയ ഡിപ്പോയിലുണ്ട്. ഏറ്റവും താഴത്തെ നിലയിലെ ഗ്യാരേജിൽ പത്തോളം ബസുകൾക്ക് ഒരേസമയം അറ്റകുറ്റ പണികൾ നടത്താൻ സൗകര്യമുണ്ട്. അതിന് മുകളിൽ പാർക്കിംഗ്, ഒന്നാം നിലയിൽ ബസ് ടെർമിനൽ, രണ്ടും മൂന്നും നിലകളിൽ ഓഫീസുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവയ്ക്ക് സൗകര്യമുണ്ട്.
പുതിയ രണ്ട് സർവീസ് കൂടി
ഉദ്ഘാടനത്തോടനുബന്ധിച്ച് തൊടുപുഴ ഡിപ്പോയ്ക്ക് രണ്ട് ദീർഘദൂര ബസുകൾ അനുവദിച്ചതായി മന്ത്രി ആന്റണി രാജു പറഞ്ഞു. രാവിലെ ആറിന് തൊടുപുഴയിൽ നിന്ന് തിരുവനന്തപുരത്തേക്ക് എ.സി ലോഫ്ളോർ ബസ് സർവീസ് നടത്തും. തിരുവനന്തപുരത്ത് നിന്ന് ഉച്ചയ്ക്ക് രണ്ടിന് തിരിച്ച് തൊടുപുഴയ്ക്കും ഈ ബസ് സർവ്വീസ് നടത്തും. രണ്ടാമത്തെ ബസ് തൊടുപുഴയിൽ നിന്ന് രാവിലെ 6.30ന് പുറപ്പെട്ട് 10ന് ആലപ്പുഴയെത്തും. തിരികെ ആലപ്പുഴയിൽ നിന്ന് 11ന് പുറപ്പെട്ട് ഉച്ചയ്ക്ക് 2.30ന് തൊടുപുഴയിലെത്തും. തൊടുപുഴ, പുറപ്പുഴ, രാമപുരം, തണ്ണീർമുക്കം വഴിയാണ് ആലപ്പുഴയിലേക്കും തിരിച്ചുമുള്ള സർവീസ്. പുതിയ സർവീസുകൾ തിങ്കളാഴ്ച മുതൽ ആരംഭിക്കും.
മന്ത്രിയായ ശേഷം ആദ്യമെടുത്തത് ഈ ബസ് ടെർമിനൽ: ആന്റണി രാജു
മന്ത്രിയായ ശേഷം താൻ ആദ്യം പരിഗണിച്ചത് തൊടുപുഴ ബസ് ടെർമിനലിന്റേതായിരുന്നുവെന്ന് ഗതാഗതമന്ത്രി ആന്റണി രാജു ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം ചേർന്ന ആദ്യ നിയമസഭാ സമ്മേളനത്തിൽ എം.എൽ.എമാരുടെയും മുൻമന്ത്രിമാരുടെയുമടക്കം നിരവധി നിവേദനങ്ങൾ വിവിധ വിഷയങ്ങളിൽ ലഭിച്ചിരുന്നു. പി.ജെ. ജോസഫ് എം.എൽ.എയും അക്കൂട്ടത്തിൽ ഒരു നിവേദനം നൽകി. മന്ത്രിയായതിന് ശേഷം വിളിച്ചുച്ചേർത്ത ആദ്യ അവലോകന യോഗം തൊടുപുഴ ബസ് ടെർമിനൽ കം ഷോപ്പിംഗ് കോംപ്ലക്‌സിന്റേതായിരുന്നു. എത്ര സാമ്പത്തികപ്രതിസന്ധിയുണ്ടെങ്കിലും ടെർമിനലിന്റെ ഉദ്ഘാടനം നടത്തണമെന്ന് നിശ്ചയദാർഢ്യമുണ്ടായിരുന്നതിനാൽ പി.ജെ. ജോസഫിന്റെ തന്റെ സാന്നിധ്യത്തിൽ നിരവധി യോഗങ്ങൾ ചേർന്നു. അപ്പോഴാണ് ബസ് ടെർമിനൽ യാഥാർത്ഥ്യമാക്കുകയെന്നത് എത്ര ശ്രമകരമായ ദൗത്യമാണെന്ന് ബോധ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. പി.ജെ. ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തി. തൊടുപുഴ നഗരസഭാ കൗൺസിലർ ജോസഫ് ജോൺ, ഓപ്പറേഷൻസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ജി.പി. പ്രദീപ്, ഇ.ഡി ഇൻചാർജ് എസ്. രമേഷ്, കെ.ഐ. സലീം, സിജി ജോസഫ്, എസ്.അരവിന്ദ് എന്നിവർ സംസാരിച്ചു. കെ.എസ്.ആർ.ടി.സി ചെയർമാനും എം.ഡിയുമായ ബിജു പ്രഭാകർ സ്വാഗതവും ഡി.ടി.ഒ എ. അജിത് നന്ദിയും പറഞ്ഞു.