ഇടുക്കി/ പീരുമേട്: വണ്ടിപ്പെരിയാർ സത്രത്തിൽ നിർമിച്ച എൻ.സി.സിയുടെ എയർസ്ട്രിപ്പിൽ നടത്തിയ ആദ്യ പരീക്ഷണ പറക്കലിൽ വിമാനത്തിന് റൺവേയിലിറങ്ങാനായില്ലെങ്കിലും നിരാശ വേണ്ടെന്ന് അധികൃതർ. കുറവുകൾ നികത്തി അടുത്തതവണ വിമാനം ലാൻഡ് ചെയ്യുമെന്ന് മന്ത്രി ആർ. ബിന്ദുവും വാഴൂർ സോമൻ എം.എൽ.എയും ഉറപ്പ് നൽകുന്നു. ഡൽഹിയിൽ നിന്നെത്തിയ എൻ.സി.സിയിലെ സീനിയർ ടെക്‌നിക്കൽ ടീമായ എയർഫോഴ്‌സ് ഉദ്യോഗസ്ഥരാണ് പരിശീലന പറത്തൽ നടത്തിയത്. രണ്ടു പേർക്ക് സഞ്ചരിക്കാവുന്ന എൻ.സി.സിയുടെ ഏറ്റവും പുതിയ മോഡൽ ചെറുവിമാനമായ വൈറസ് എസ്. ഡബ്ല്യു 80 ആണ് പരീക്ഷണ പറക്കലിന് ഉപയോഗിച്ചത്. ഇന്നലെ രാവിലെ 9.55 ന് കൊച്ചിയിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത എൻ.സി.സി പരിശീലന വിമാനം 10.35ന് മഞ്ചുമലയിലെത്തി. എന്നാൽ അഞ്ച് തവണ താഴ്ന്നു പറന്നിട്ടും വിമാനം റൺവേയിലിറക്കാനായില്ല. റൺവേയുടെ നീളക്കുറവും എയർസ്ട്രിപ്പിന്റെ അറ്റത്തുള്ള മൺതിട്ടയുമാണ് വിമാനത്തിന്റെ ലാൻഡിംഗിന് തടസമായത്. വിമാനത്താവളത്തിന് സമീപത്തെ മൺതിട്ട നീക്കം ചെയ്താൽ മാത്രമേ വിമാനം സുരക്ഷിതമായി ഇറക്കാനാകൂവെന്ന് എൻ.സി.സി ഡയറക്ടർ കേണൽ എസ്. ഫ്രാൻസിസ് അറിയിച്ചു. 15 ദിവസത്തിന് ശേഷം വീണ്ടും ട്രയൽ റൺ നടത്തുമെന്ന് അധികൃതർ അറിയിച്ചു. എൻ.സി.സി ആവശ്യപ്പെട്ട സാങ്കേതിക തടസങ്ങൾ ഉടൻ നീക്കുമെന്നും സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ പരിശീലന ലാൻഡിംഗ് ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

നിർമാണം ആരംഭിച്ചത് 2017ൽ

റവന്യൂ വകുപ്പ് അനുവദിച്ച 12 ഏക്കർ സ്ഥലത്ത് 2017 മേയ് 21നാണ് എയർസ്ട്രിപ്പിന്റെ നിർമാണം ആരംഭിച്ചത്. 650 മീറ്രർ റൺവേ, വിമാനങ്ങൾ പാർക്ക് ചെയ്യാനുള്ള 1200 ചതുരശ്ര അടിയുള്ള ഹാങ്ങർ, കമാൻഡിങ് ഓഫീസറുടെ ആഫീസ് ടെക്‌നിക്കൽ റൂം, കേഡറ്റുകൾക്കുള്ള താമസസൗകര്യം എന്നിവയുടെ നിർമാണം പൂർത്തിയായിരുന്നു. എയർസ്ട്രിപ്പിന്റെ ഇതുവരെയുള്ള നിർമാണം പൂർത്തിയാക്കിയത് സംസ്ഥാന പി.ഡബ്ല്യു.ഡി ബിൽഡിംഗ്‌സ് വിഭാഗമാണ്. രാജ്യത്ത് ആദ്യമായാണ് പി.ഡബ്ല്യു.ഡി ഒരു എയർസ്ട്രിപ്പ് നിർമിക്കുന്നത്. എയർസ്ട്രിപ്പ് യാഥാർത്ഥ്യമായാൽ എയർഫോഴ്‌സ് വിമാനങ്ങൾക്കും വലിയ ഹെലികോപ്ടറുകൾക്കും അടിയന്തരസാഹചര്യങ്ങളിൽ ഇവിടെ ഇറക്കാനാകും. ഭാവിയിൽ വിമാനത്താവളമായി ഉയർത്തിയാൽ എട്ട് കിലോ മീറ്റർ മാത്രം അകലെയുള്ള ശബരിലയിലേക്ക് വരുന്ന അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്ക് വലിയ ഉപകാരമാകും. വാഗമൺ, തേക്കടി, മൂന്നാർ തുടങ്ങിയ അന്താരാഷ്ട്ര ടൂറിസം കേന്ദ്രങ്ങളിലേക്ക് സഞ്ചാരികൾക്ക് എളുപ്പമെത്താനാകും.

1000 കേഡറ്റുകൾക്ക് പരിശീലനം

പ്രതിവർഷം ആയിരം എൻ.സി.സി കേഡറ്റുകൾക്ക് സൗജന്യമായി ഫ്‌ളൈയിംഗ് പരിശീലനം നൽകുന്ന ദേശീയ നിലവാരത്തിലുള്ള രാജ്യത്തെ ആദ്യ പരീശീലനകേന്ദ്രമാണ് ഈ എയർസ്ട്രിപ്പ്. ഇതിൽ 200 കുട്ടികൾക്ക് ഇടുക്കിയിൽ നിന്ന് തന്നെ തിരഞ്ഞെടുത്ത് പരിശീലനം നൽകും. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നാഷണൽ കേഡറ്റ് കോറിന്റെ കേരള ആൻഡ് ലക്ഷദ്വീപ് ഡയറക്ടറേറ്റിന്റെ പരിധിയിൽ വരുന്ന 1 കേരള എയർ വിംഗ് എൻ സി സി 200 സീനിയർ വിംഗ് കേഡറ്റുകൾക്ക് ഫ്ളൈയിംഗ് പരിശീലനവും 1800 കേഡറ്റുകൾക്ക് വിമാനങ്ങളുടെ മാതൃക നിർമ്മാണ ക്ലാസുകളും 1960 മുതൽ തിരുവനന്തപുരത്താണ് നൽകിയിരുന്നത്. 2014 ൽ പറക്കൽ പരിശീലനം നിറുത്തി. തുടർന്ന് എൻ.സി.സി യുടെ ആവശ്യപ്രകാരം എയർ സ്ട്രിപ്പ് നിർമ്മാണത്തിനായി സർക്കാർ ആദ്യഘട്ടത്തിൽ 12 ഏക്കർ സ്ഥലം ഇടുക്കിയിൽ അനുവദിക്കുകയായിരുന്നു.