മുട്ടം: തൊടുപുഴ- മൂലമറ്റം റൂട്ടിൽ ശങ്കരപ്പള്ളിയ്ക്ക് സമീപം റോഡരികിൽ പാർക്ക് ചെയ്തിരുന്ന ലോറിയിൽ കെ.എസ്.ആർ.ടി.സി.ബസ് ബസ് ഇടിച്ചു. ബസിലുണ്ടായിരുന്ന 19 യാത്രക്കാർക്ക് സാരമായ പരിക്കേറ്റു.ജിബിൻ,ദീപ, ഡിയോൺ,ജോസഫ്, രേഖ, സൗമ്യ,ബെന്നി, ജോബിൻ എന്നിവർക്ക് സാരമായി പരിക്കേറ്റു. ഇന്നലെ വൈകിട്ട് ആറിനായിരുന്നു അപകടം. കട്ടപ്പനയിൽ നിന്ന് തൊടുപുഴയ്ക്ക് വന്ന കെ.എസ്.ആർ.ടി.സി ബസ് റോഡിൽ ടാറിങ്ങിന് പുറത്ത് പാർക്ക് ചെയ്തിരുന്ന ലോറിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. പരിക്കേറ്റവരെ നാട്ടുകാരും പൊലീസും ചേർന്ന് തൊടുപുഴയിലുള്ള രണ്ട് സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കല്ലൂർക്കാട് സ്വദേശി സണ്ണി അലക്‌സിന്റെ കൈയുടെ എല്ലിന് ഗുരുതരമായ പരിക്കേറ്റു. മുട്ടം എസ്.ഐ പി.കെ. ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് അപകട സ്ഥലത്തും ആശുപത്രിയിലുമെത്തി നടപടികൾ സ്വീകരിച്ചു. മുട്ടം മുതൽ കുളമാവ് വരെ അടുത്ത നാളിൽ റീ ടാറിങ് നടത്തിയിരുന്നു. ടാറിങിന്റെ അപാകതയെക്കുറിച്ച് വ്യാപകമായ പരാതി നിർമ്മാണ സമയത്ത് തന്നെ ഉയർന്നിരുന്നു. മഴയുള്ള സമയത്ത് ബ്രേക്ക് ഉപയോഗിച്ചാൽ വാഹനം നിയന്ത്രിക്കാൻ കഴിയുന്നില്ലെന്ന പരാതി വിവിധ വാഹന ഡ്രൈവർമാർ പറഞ്ഞിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടും സമാനമായ അപകടം ഏഴാംമൈലിൽ ഉണ്ടായിരുന്നു. ഇവിടെയും കെ.എസ്.ആർ.ടി.സി ബസ് റോഡിൽ നിന്ന് തെന്നിമാറി പിക്കപ്പ് ജീപ്പിൽ ഇടിക്കുകയായിരുന്നു.