തൊടുപുഴ: ജസ്റ്റിസ് കെ.ടി. തോമസ് കമ്മിഷൻ ശുപാർശ ചെയ്ത മലങ്കര ചർച്ച് പ്രോപ്പർട്ടീസ് ബിൽ- 2020 നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് തൊടുപുഴ മേഖലയിലുള്ള യാക്കോബായ പള്ളികളുടെ ആഭ്യമുഖ്യത്തിൽ 12ന് വൈകിട്ട് 4.30ന് തൊടുപുഴ മുൻസിപ്പൽ സ്റ്റേഡിയത്തിൽ സംയുക്ത ജനകീയ കൂട്ടായ്മ നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

മലങ്കര ചർച്ച് ബിൽ പാസാക്കാൻ സർക്കാർ നിയമ നിർമാണം നടത്തണമെന്നും സാമൂഹിക ക്ഷേമത്തിനും വികസനത്തിനും ഉപയോഗിക്കുന്ന നികുതി പണം പള്ളി തർക്കത്തിന്റെ പേരിൽ നഷ്ടപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. കൂട്ടായ്മ തൊടുപുഴ നഗരസഭാ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്യും. കണ്ടനാട് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാർ ഇവാനിയോസ് അദ്ധ്യക്ഷനാകും. രാഷ്ട്രീയനിരീക്ഷൻ അഡ്വ. എ. ജയശങ്കർ, കാരിക്കോട് നൈനാര് പള്ളി ചീഫ് ഇമാം അൽ ഹാഫിസ് നൗഫൽ മൗലവി, ശബരിമല അയ്യപ്പസേവാ സമാജം ദേശീയ ഉപാദ്ധ്യക്ഷൻ സ്വാമി അയ്യപ്പദാസ്, യാക്കോബായ സെക്രട്ടറി അഡ്വ. പീറ്റർ കെ. ഏലിയാസ് എന്നിവർ സംസാരിക്കും. വാർത്താസമ്മേളനത്തിൽ പെരിയാമ്പ്ര യാക്കോബായ പള്ളി വികാരി ഫാ. എം.ടി. കുര്യാച്ചൻ കോർ എപ്പിസ്‌കോപ്പ, ചെയർമാൻ ഫാ. ജോൺ പുത്തൂരാൻ, തൊടുപുഴ പൗരസ്ത്യ സുവിശേഷ സമാജം സെന്റ് മേരീസ് കോൺഗ്രിഗേഷൻ യാക്കോബായ പള്ളി വികാരി ഫാ. തോമസ് മാളിയേക്കൽ, യാക്കോബായ സഭാ മാനേജിംഗ് കമ്മിറ്റി അംഗം സാജൻ വർഗീസ്, ഭദ്രാസന കൗൺസിൽ അംഗം തങ്കച്ചൻ പൗലോസ് എന്നിവർ പങ്കെടുത്തു.