നെടുങ്കണ്ടം: അതിർത്തികടന്നെത്തുന്ന തട്ടിപ്പുകാരെക്കൊണ്ട് പൊറുതിമുട്ടുകയാണ് ഹൈറേഞ്ച് നിവാസികൾ. കഴിഞ്ഞ ദിവസം തമിഴ്‌നാട് തൃശിനാപ്പള്ളി കേന്ദ്രീകരിച്ച് എത്തിയ കൗമാരക്കാരായ പെൺകുട്ടികൾ അനാഥാലയത്തിന്റെ പേരിലാണ് നെടുങ്കണ്ടത്ത് പിരിവ് നടത്തിയത്. തമിഴിൽ പ്രിന്റ് ചെയ്ത രസീതുമായാണ് മലയാളം അറിയാവുന്ന മൂന്ന് പെൺകുട്ടികൾ നെടുങ്കണ്ടം ടൗണിൽ ചുറ്റി നടന്ന് പരിവ് നടത്തിയത്. ഇവർക്ക് പിന്നിൽ വലിയ ഒരു സംഘം ഉണ്ടെന്ന് ആശങ്കയുണ്ട്. കുരിശുമലയിൽ വീടുകൾ തോറും കയറി ഇറങ്ങി പിരിവ് നടത്തിയ യുവാവിനെ നാട്ടുകാർ ചേർന്ന് പിടിച്ച് നിർത്തിയിരുന്നു. സ്ത്രീകൾ മാത്രമുള്ള വീടുകളിൽ കയറിയ ഇയാൾ തമിഴും മലയാളവും ഇടകലർന്ന ഭാഷയിലാണ് സംസാരിക്കുന്നത്. നിങ്ങൾക്ക് വലിയദോഷം വരുവാൻ പോകുന്നെന്നും അത് മാറാൻ സ്വർണ്ണം, പണം കുരുമുളക് എന്നിവ ആവശ്യപ്പെട്ടത്രേ. പരിഭ്രാന്തിയിലായ യുവതി ഉടൻതന്നെ വീട്ടുകാരെ വിളിച്ച് വരുത്തുകയും തുടർന്ന് യുവാവിനെ നാട്ടുകാർചേർന്ന് പിടിച്ച് നിർത്തുകയുമായിരുന്നു. ഇയാൾ എറണാകുളം സ്വദേശിയാണെന്നും ഉപ്പുതറയിൽ വാടകയ്ക്ക് താമസിക്കുകയാണെന്നും ഐഡികാർഡ് വീട്ടിൽ വെച്ച് മറന്നുവെന്നുമായിരുന്നു ശുദ്ധമായ മലയാളത്തിലുള്ള മറുപടി. സംശയം തോന്നിയ നാട്ടുകാർ നെടുങ്കണ്ടം സി.ഐയെ വിവരം അറിയിച്ചു. അതോടെ യുവാവ് സ്ഥലത്ത് നിന്ന് ഓടി രക്ഷപെട്ടു. പിന്നീട് നാട്ടുകാർ അന്വേഷണം നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല.
ഓൺലൈൻ വഴി സാധനങ്ങൾ വാങ്ങിയ വീട്ടമ്മയുടെ വിലാസത്തിലേക്ക് ഓൺലൈൻ വ്യാപാര ശ്യംഖലയുടേതെന്ന വ്യാജേന സ്‌ക്രാച്ച് കാർഡ് രജിസ്‌ട്രേഡായി അയച്ചു നൽകി തട്ടിപ്പിന് ശ്രമം നടന്നിരുന്നു. 12.8 ലക്ഷം രൂപ സമ്മാനം ലഭിച്ചെന്നായിരുന്നു സന്ദേശം. കത്ത് ലഭിച്ചതിന് പിന്നാലെ സമ്മാനം ലഭിച്ചതായി വിവരിക്കുന്ന ഒരു മെസ്സേജ് വീട്ടമ്മയുടെ മൊബൈലിലേക്ക് വന്നു. കാര്യം എന്താണെന്ന് മനസിലാവാഞ്ഞതിനാൽ കത്തും കാർഡും വീട്ടമ്മ പൊതുപ്രവർത്തകനായ ഭർത്താവ് ഷാജിക്ക് കൈമാറി. ഷാജി സന്ദേശം അയച്ച നമ്പരിലേക്ക് തിരികെ വിളിച്ചപ്പോൾ, ഓൺലൈൻ വ്യാപാര ശ്യംഖലിലെ ജീവനക്കാരണെന്ന രീതിയിൽ മലയാളവും ബംഗാളിയും കലർന്ന് ഭാഷയിൽ ഒരാൾ കാര്യങ്ങൾ വശദീകരിച്ചു. താങ്കൾക്ക് 12.8 ലക്ഷം രൂപ സമ്മാനം ലഭിച്ചെന്നും തുക ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറുന്നതിനായി അക്കൗണ്ട് വിവരങ്ങളും, യു.പി.ഐ ഇടപാടിലൂടെ 12,000 രൂപയും അയാൾ ആവശ്യപ്പെട്ടു. പണം ആവശ്യപ്പെട്ടപ്പോൾ തന്നെ ഇത് തട്ടിപ്പാണെന്ന് ബോദ്ധ്യപ്പെട്ടതോടെ കോൾ കട്ട് ചെയ്തതായും ഷാജി പറഞ്ഞു. പണം നഷ്ടപ്പെടാത്തതിനാൽ വീട്ടമ്മ പരാതികളൊന്നും നൽകിയിട്ടില്ല. കഴിഞ്ഞ സെപ്തംബറിൽ തൂക്കുപാലത്ത് ഇലക്ട്രോണിക്‌സ് കട നടത്തുന്ന വ്യാപാരിയുടെ വിലാസത്തിലും ഓൺലൈൻ വ്യാപാര ശ്യംഖലയുടെപേരിൽ സമാനരീതിയിൽ കത്തും സ്‌ക്രാച്ച് കാർഡും വന്നിരുന്നു. അന്ന് വ്യാപാരിക്ക് കാർഡ് ചുരുണ്ടിയപ്പോൾ ലഭിച്ച സമ്മാനം ആഡംബര കാറായിരുന്നു. തട്ടിപ്പ് തിരച്ചറിഞ്ഞതിനാൽ വ്യാപാരിക്കും അന്ന് പണം നഷ്ടമായിരുന്നില്ല. രണ്ട് മാസങ്ങൾക്ക് മുമ്പ് നിലവിലില്ലാത്ത മൊബൈൽ സേവനദാതാവിന്റെ പേരിൽ നടത്തിയ തട്ടിപ്പിൽ നെടുങ്കണ്ടം സ്വദേശിയായ യുവാവിന് 4000 രൂപ നഷ്ടമായിരുന്നു.
വരുന്നവരുടെ വിവരമില്ല
കൊവിഡിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ അന്യസംസ്ഥാനങ്ങളിൽ നിന്ന് നിരവധിയാളുകളാണ് ഹൈറേഞ്ചിലേയ്ക്ക് അതിർത്തി കടന്നെത്തുന്നത്. ഇങ്ങനെ എത്തുന്നവരുടെ യാതൊരു വിവരവും പൊലീസിന് ലഭ്യമല്ല.