തൊടുപുഴ: ആയുഷ് ഗ്രാം പദ്ധതി പ്രകാരം തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് മേഖലകളിൽ നടപ്പിലാക്കി വരുന്ന വിവിധ പ്രവർത്തികൾ ശ്രദ്ധേയമാകുന്നു. ആയുർവേദ ജീവിതരീതിയും യോഗയും ജനങ്ങൾക്ക് മനസിലാക്കിക്കൊടുത്ത് പുതുതലമുറയെ ആരോഗ്യത്തോടെ വളർത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
സംസ്ഥാനത്ത് 16 സ്ഥലങ്ങളിലാണ് ആയുഷ് ഗ്രാം പദ്ധതി പ്രകാരമുള്ള വിവിധ പ്രവർത്തികൾ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. തൊടുപുഴ ബ്ലോക്കിൽ ഉൾപ്പെടുന്ന മുട്ടം, മണക്കാട്, പുറപ്പുഴ, ഇടവെട്ടി, കരിങ്കുന്നം, കുമാരമംഗലം എന്നിങ്ങനെ ആറ് ഗ്രാമപഞ്ചായത്തുകളിൽ പദ്ധതി വിജയകരമായി നടപ്പിലാക്കി വരുകയാണ്.ബോധവൽക്കരണ ക്ലാസുകൾ, യോഗാ ട്രെയിനിങ്ങ്, ഔഷധ സസ്യകൃഷി പ്രചരണം, ഉദ്യാന നിർമ്മാണം, ജീവിത ശൈലി രോഗ നിയന്ത്രണം, ഐ.ഇ.സി വർക്കുകൾ, നൂതനാശയങ്ങളുടെ ആവിഷ്‌കരണം തുടങ്ങി പൊതുജനങ്ങളെ ഉൾപ്പെടുത്തി വിവിധ പ്രവർത്തനങ്ങളിലൂടെയാണ് ആയുഷ് ഗ്രാം പദ്ധതി നടപ്പിലാക്കുന്നത്. ബോധവൽക്കരണ ക്ലാസുകൾ സ്‌കൂളുൾ, കോളേജുകൾ, തദ്ദേശ സ്ഥാപനങ്ങൾ, റെസിഡന്റ്സ് അസോസിയേഷനുകൾ എന്നിവിടങ്ങളിൽ പദ്ധതി പ്രകാരം 1500 ലധികം ബോധ വൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. യോഗാ പരിശീലനവും ക്ലാസുകളും പദ്ധതി പ്രകാരം വിവിധ പ്രദേശങ്ങളിൽ യോഗാ ക്ലാസുകൾ നടത്തി വരുന്നുണ്ട്. അനേകം ആളുകൾക്ക് യോഗ പരിശീലകരാക്കുന്നതിനുള്ള കോഴ്‌സും നടപ്പിലാക്കുന്നുണ്ട്. കൃത്യമായ ഇടവേളകളിൽ സംഘടിപ്പിക്കുന്ന യോഗാ ക്ലാസുകൾ ഇപ്പോഴും തുടരുന്നുണ്ട്. ഔഷധ വനം മുട്ടം മലങ്കര ജലാശയം, ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, മാറിക പള്ളി, ജില്ലാ ജയിൽ, സ്‌കൂളുകൾ, മുട്ടം പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ ഔഷധ വനം സജ്ജമാക്കാനുള്ള ഒന്നാം ഘട്ട പ്രവർത്തികൾ പൂർത്തീകരിച്ചു. കൂടുതൽ മേഖലകളിൽ ഔഷധ വനം ഒരുക്കാനുള്ള ഒരുക്കത്തിലാണ് ആയുഷ് ഗ്രാം അധികൃതർ.