തൊടുപുഴ: പുതിയ കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ തൊടുപുഴയിൽ യാഥാർത്ഥ്യമായ സ്ഥിതിക്ക് നഗരത്തിലെത്തുന്നവർക്ക് സഞ്ചരിക്കാനായി സിറ്റി സർവീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നഗരത്തിലെ പ്രധാനപ്പെട്ട സർക്കാർ ഓഫീസുകൾ, ആശുപത്രികൾ, വ്യാപാര കേന്ദ്രങ്ങൾ എന്നിവ ബന്ധിപ്പിച്ചാണ് സിറ്റി സർക്കുലർ സർവീസുകൾ ആരംഭിക്കണമെന്ന ആവശ്യമുയരുന്നത്.

സിറ്റി സർവീസുകളിലെ ഏതു ബസിലും ടിക്കറ്റെടുത്ത സമയം മുതൽ 24 മണിക്കൂർ ദൂരപരിധിയില്ലാതെ ഒറ്റ ടിക്കറ്റിൽ യാത്ര ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഗുഡ് ഡേ ടിക്കറ്റ് എന്ന പേരിലുള്ള ഈ യാത്രാ പദ്ധതി 10 രൂപയ്ക്ക് യാത്രാക്കാർക്ക് ലഭിക്കും. ഇതുപോല തൊടുപുഴയിലെ തൊടുപുഴയിലെ ബൈപാസുകളിലൂടെ കെ.എസ്.ആർ.ടി.സിയുടെ സിറ്റി സർവീസ് ആരംഭിക്കണമെന്നാണ് അഭിപ്രായമുയരുന്നത്. വൻതോതിൽ വാണിജ്യ വ്യവസായ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന വെങ്ങല്ലൂർ- മങ്ങാട്ടുകവല നാലുവരി പാത, കോലാനി- വെങ്ങല്ലൂർ ബൈപാസ് ഉൾപ്പെടെയുള്ള റൂട്ടുകളിലൂടെ ഒരു സിറ്റി സർവീസ് ആരംഭിക്കണമെന്നത് നഗരവാസികളുടെ ദീർഘകാല ആവശ്യമാണ്. ഇക്കാര്യമുന്നയിച്ച് കാഡ്‌സ് ഭരണസമിതി ഗതാഗതമന്ത്രി ആന്റണി രാജുവിന് നിവേദനം നൽകിയിട്ടുണ്ട്. തൊടുപുഴ കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന്റെ ഉദ്ഘാടനവേളയിലാണ് പി.ജെ. ജോസഫ് എം.എൽ.എ മുഖാന്തിരം നിവേദനം നൽകിയത്. അനുകൂലമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പു നൽകി. അടുത്തതായി തൊടുപുഴ ഡിപ്പോയ്ക്ക് അനുവദിക്കുന്ന ബസുകളിൽ ഒന്ന് സിറ്റി സർവീസിന് നൽകാമെന്നാണ് മന്ത്രി ഉറപ്പു നൽകിയത്. കാഡ്‌സ് ചെയർമാൻ ആന്റണി കണ്ടിരിക്കൽ, ഡയറക്ടർമാരായ കെ.എം. മത്തച്ചൻ, എൻ.ജെ. മാമച്ചൻ, വി.പി. ജോർജ് എന്നിവരാണ് നിവേദനം നൽകിയത്.

മങ്ങാട്ടുകവല, മുതലക്കോടം, വെങ്ങല്ലൂർ, കോലാനി തുടങ്ങിയ സ്ഥലങ്ങളെ ബന്ധിപ്പിച്ചു സിറ്റി സർവീസുകൾ ആരംഭിക്കണമെന്നതടക്കമുള്ള വിവിധ ആവശ്യങ്ങളുന്നയിച്ച് തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിലും വൈസ് പ്രസിഡന്റ് പി. അജീവും മന്ത്രി ആന്റണി രാജുവിന് നിവേദനം നൽകിയിട്ടുണ്ട്.

15 മിനിട്ടിൽ

ഒരു ബസ്

തിരുവനന്തപുരമടക്കമുള്ള പ്രമുഖ നഗരങ്ങളിൽ സിറ്റി സർവീസ് നിലവിലുണ്ട്. നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് 15 മിനിട്ട് ഇടവേളകളിൽ തുടർച്ചയായി ബസുകൾ ഓടിക്കുന്നതാണ് സംവിധാനം.