തൊടുപുഴ: വന്യമൃഗശല്യം മൂലം നാശനഷ്ടമുണ്ടാവുന്ന കർഷകർക്ക് നഷ്ടപരിഹാരം നൽകുക, വന്യമൃഗങ്ങളിൽ നിന്ന് കൃഷിയെ സംരക്ഷിക്കാനുള്ള നടപടി സ്വീകരിക്കുക, 1964 ലെയും 1993 ലെയും ഭൂമിപതിവ് ചട്ടങ്ങളിൽ കാലോചിതമായ ഭേദഗതി വരുത്താമെന്നുള്ള സർക്കാരിന്റെ ഉറപ്പ് അടിയന്തരമായി പാലിക്കാൻ നടപടി സ്വീകരിക്കുക, കർഷകർക്കെതിരെയുള്ള ജപ്തി നടപടികൾ നിറുത്തി വയ്ക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 11ന് രാവിലെ 10.30ന് ചെറുതോണിയിൽ കൂട്ടധർണ നടത്തും. പാർട്ടി ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ധർണ ഉദ്ഘാടനം ചെയ്യുമെന്ന് പാർട്ടി ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ. ജേക്കബ് അറിയിച്ചു. ധർണയിൽ പാർട്ടി വർക്കിംഗ് ചെയർമാൻ പി.സി. തോമസ്, എക്‌സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എം.എൽ.എ, സെക്രട്ടറി ജനറൽ ജോയ് എബ്രാഹം, പാർട്ടി ഡെപ്യൂട്ടി ചെയർമാന്മാരായ കെ. ഫ്രാൻസിസ് ജോർജ്, തോമസ് ഉണ്ണിയാടൻ, പാർട്ടി വൈസ് ചെയർമാൻ മാത്യു സ്റ്റീഫൻ തുടങ്ങിയവർ നേതൃത്വം നൽകും.