sthoopam
നെടുങ്കണ്ടംഉമാമഹേശ്വര ഗുരുദേവശാന്തി സ്തൂപം

നെടുങ്കണ്ടം : നെടുങ്കണ്ടം കൽകൂന്തലിൽ നിർമ്മിച്ച ഉമാമഹേശ്വര ഗുരുദേവ ശാന്തി സ്തൂപം ഇന്ന് നാടിന് സമർപ്പിക്കും. നാല് നിലകളിലായി നിർമ്മിച്ച സ്തൂപം രാവിലെ 11ന് പച്ചടി ശ്രീധരൻ സ്മാരക എസ്എൻഡിപി യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് ഉദ്ഘടനം ചെയ്യും. .കട്ടപ്പനയിൽ പണി കഴിപ്പിച്ചിട്ടുള്ള ഗുരുദേവ കീർത്തി സ്തംഭം കഴിഞ്ഞാൽ വലുപ്പം കൊണ്ടും നിർമ്മാണ ചാരുത കൊണ്ടും മനോഹരമായ ശാന്തി സ്തൂപമാണിത്. നെടുങ്കണ്ടം 1492ാം നമ്പർ ശാഖയിലെ കൽകൂന്തൽ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ശാന്തി സ്തൂപം നിർമ്മിച്ചിരിക്കുന്നത്. ഉമയും മഹേശ്വനും താഴത്തെ നിലയിലും ശ്രീനാരായണ ഗുരു, അയ്യപ്പൻ, ഗണപതി എന്നിങ്ങനെയാണ് നാല് നിലകളിലായി പ്രതിഷ്ഠിച്ചിരിക്കുന്നത്. ഇന്ന് രാവിലെ ആറിന് തുടങ്ങുന്ന ക്ഷേത്ര ചടങ്ങുകൾക്ക് ഉമാമഹേശ്വര ക്ഷേത്രം മേൽശാന്തി രജീഷ് ശാന്തികാർമികത്വം വഹിക്കും. രാവിലെ പത്തിന് ഗുരു പ്രകാശം സ്വാമി(ശിവഗിരി മഠം)യുടെ സാന്നിദ്ധ്യത്തിൽ പച്ചടി ശ്രീധരൻ സ്മാരക എസ്എൻഡിപി യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് നാടിന് സമർപ്പിക്കും. ശാഖ പ്രസിഡന്റ് സി.എൻ ദിവാകരൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി സുധാകരൻ ആടിപ്ലാക്കൽ,കെ.എൻ തങ്കപ്പൻ, ശാഖ സെക്രട്ടറി ടി.ആർ രാജീവ് , വൈസ് പ്രസിഡന്റ് സന്തോഷ് വയലിൽ, പി.കെ ഷാജി, പുഷ്പൻ പതാലിൽ മേഖല പ്രസിഡന്റ് സതീശൻ, ഷിബു, ശശി പള്ളിപ്പുറം തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.